അടിമാലിയിൽ കാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസിൽ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാനൊരുങ്ങി അന്വേഷണസംഘം. രോഗബാധിത ഉഷ സന്തോഷ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖ ചിത്രം തയ്യാറാക്കുക.മനസാക്ഷിയെ ഞെട്ടിച്ച മോഷണം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് സൂചന പോലും പൊലീസിന് ലഭിച്ചിട്ടില്ല.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും പ്രതിയിലേക്കെത്താൻ സാധിക്കാതെ വന്നതോടെയാണ് രേഖ ചിത്രം തയ്യാറാക്കാൻ തീരുമാനിച്ചത്. ഒരാഴ്ചക്ക് മുമ്പ് ഒരാൾ വീട്ടിൽ വന്ന് സാമ്പത്തിക വിവരങ്ങൾ ചോദിച്ചറിഞ്ഞെന്ന് ഉഷ പൊലീസിനു മൊഴി നൽകിയിരുന്നു. ഇയാളാണ് മോഷണം നടത്തിയതെന്നാണ് നിലവിൽ സംശയിക്കുന്നത്. രേഖ ചിത്രം തയാറാക്കുന്നതിനായി ഉഷയോട് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു. കേസുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെയും അയൽവാസികളുടെയും ഫോൺ കോൾ വിശദാംശങ്ങളും ശേഖരിക്കും. വ്യാഴാഴ്ച രാവിലെ ഏഴ് മണിക്കാണ് വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാവ് ഉഷയെ കട്ടിലിൽ കെട്ടിയിട്ട ശേഷം 16500 രൂപ കവർന്നത്.
പിന്നീട് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഈ സമയത്ത് വീടിന് പരിസരത്ത് ഉണ്ടായിരുന്നവരുടെ മൊബൈൽ ഫോൺ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്. വീട്ടിൽ നിന്ന് ലഭിച്ച ശാസ്ത്രീയ തെളിവുകളുടെ റിപ്പോർട്ട് ലഭിച്ചാൽ പ്രതിയെക്കുറിച്ച് വിവരം ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ