ബിജെപി നേതാവും സിനിമാ നടനുമായ കൃഷ്ണകുമാറിനും രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണനുമെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ദിയ നടത്തുന്ന ആഭരണ കടയിലെ വനിതാ ജീവനക്കാരെയും ഭര്‍ത്താക്കന്മാരെയും തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച് പണം വാങ്ങിയെന്നതാണ് കേസിന് ആസ്പദമായ കാരണം. 

Also Read: തട്ടിക്കൊണ്ടുപോയി പണം വാങ്ങിയെന്ന് പരാതി; നടന്‍ കൃഷ്ണകുമാറിനെതിരെ കേസ്

കടയിലെ ജീവനക്കാര്‍ ക്യൂആര്‍ കോഡ് തട്ടിപ്പിലൂടെ 69 ലക്ഷം രൂപ കവര്‍ന്നെന്നാണ്  ദിയയുടെ പരാതി. ഇതിനെതിരെ ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് കൃഷ്ണകുമാറിനും ദിയയും അടക്കം കുടുംബത്തിലെ ആറു പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൃഷ്ണകുമാറിന്‍റെ ഓഫീസില്‍ വച്ചു മര്‍ദ്ദനം നടന്നെന്നാണ് പരാതിയിലുള്ളത്. 

ഗര്‍ഭിണിയായതിനാല്‍ എന്‍എസ് റോഡിലെ ആഭരണ കടയിലേക്ക് ഈയിടെയായി ദിയ പോകാറില്ലായിരുന്നു. ഈ സമയത്ത് കടയിലെ ക്യൂആര്‍ കോഡ് തകരാറിലാണെന്ന് പറഞ്ഞ് ജീവനക്കാര്‍ അവരുടെ ക്യൂആര്‍ കോ‍ഡ് കാണിച്ച് അക്കൗണ്ടിലേക്ക് പണം സ്വീകരിച്ചു എന്നാണ് കൃഷ്ണകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞത്. സുഹൃത്ത് കടയിലെത്തി സാധനം വാങ്ങിയപ്പോഴും ഇതേ രീതിയില്‍ ജീവനക്കാര്‍ പണം സ്വീകരിച്ചു. ഇതോടെയാണ് തട്ടിപ്പ് അറിഞ്ഞത്. ഇക്കാര്യം ജീവനക്കാരെ വിളിച്ചു ചോദിച്ചപ്പോള്‍ ജോലി വിട്ടു പോയി എന്നും കൃഷ്ണകുമാര്‍ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കുമെന്നായപ്പോള്‍ ഫ്ലാറ്റിലേക്ക് വന്നു സംസാരിച്ചു. മൂന്നു പേരും, പണം എടുത്തതായി സമ്മതിച്ചു. 69 ലക്ഷം രൂപയാണ് നഷ്ടമായത്. ഇതില്‍ 8.82ലക്ഷം കൊണ്ടു തന്നു എന്നും കൃഷ്ണകുമാര്‍ പറഞ്ഞു. 

7-8 മാസത്തോളമായി നടന്ന തട്ടിപ്പിലാണ് ഇത്രയും വലിയ തുക നഷ്ടമായതെന്ന് ദിയ പറഞ്ഞു. 'ക്യൂആര്‍ കോഡും കാര്‍ഡും തകരാറിലാണെന്ന് പറഞ്ഞ് പണമായി തുക ആവശ്യപ്പെട്ടു. മൂന്നു പേരും ഓരോരുത്തരുടെയും ക്യൂആര്‍ കോ‍ഡാണ് ഓരോ സമയം നല്‍കുന്നത്. മേയ് 29 ന് സംഭവം കണ്ടുപിടിച്ചു. ഇക്കാര്യം പൊലീസില്‍ അറിയിക്കുമെന്ന് പറഞ്ഞതോടെ അവര്‍ പണം തരാമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു.  30 ന് പുലര്‍ച്ചെ വരെ ഫോണ്‍ വിളിച്ചു സംസാരിച്ചു. ഒടുവില്‍ ഭര്‍ത്താവാണ് പണവുമായി വരാന്‍ പറഞ്ഞത്. അടുത്ത ദിവസം ഫോണ്‍ വിളിച്ചു ഫ്ലാറ്റിന് താഴെ എത്തി. നമ്മള്‍ വീട്ടുകാരും ഡ്രൈവര്‍മാരുാമയി 10-15 പേരായിരുന്നു. ഫ്ലാറ്റില്‍ നിന്ന് സംസാരിക്കാന്‍ പാറ്റില്ലെന്ന് സെക്രട്ടറി പറഞ്ഞതോടെ ഓഫീസിലേക്ക് എത്തുകയായിരുന്നു' എന്നും ദിയ പറഞ്ഞു. 

ENGLISH SUMMARY:

A non-bailable case has been registered against BJP leader and actor Krishnakumar and his second daughter Diya Krishna. The case stems from allegations that Diya and her associates assaulted female employees and their husbands from her jewellery store, forcibly extracting money from them.