പത്തുപേരെ വിവാഹം കഴിച്ച് പറ്റിച്ച ശേഷം പതിനൊന്നാമനെ കല്യാണം കഴിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കുടുങ്ങിയ യുവതിയുടെ വാര്‍ത്തയില്‍ ഞെട്ടിയിരിക്കുകയാണ് സൈബര്‍ ലോകം. സിനിമാക്കഥയെ വെല്ലുന്ന കഥയാണ് കാഞ്ഞിരമറ്റംകാരി രേഷ്മ അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് മുന്നില്‍ കണ്ണീര്‍ ചാലിച്ച് അവതരിപ്പിച്ചത്. കേട്ടവരെല്ലാം ആ കഥയില്‍ വീണു. ഒടുവില്‍ തിരുവനന്തപുരത്തെ പഞ്ചായത്തംഗമാണ് രേഷ്മയുടെ കള്ളക്കഥ പൊളിച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്.
രണ്ടുവയസുള്ള കുഞ്ഞിനെ വീട്ടിലിരുത്തിയായിരുന്നു രേഷ്മയുടെ വിവാഹത്തട്ടിപ്പ്. അവസാനമായി വിവാഹം കഴിച്ചത് 45 ദിവസം മുന്‍പ്. ആറുമാസം കഴിഞ്ഞ് അടുത്ത വിവാഹവും രേഷ്മ നിശ്ചയിച്ചുവച്ചിരുന്നു. ഓണ്‍ലൈന്‍ മാട്രിമണി സൈറ്റുകളില്‍ നിന്നാണ് രേഷ്മ ഇരകളെ കണ്ടെത്തിയിരുന്നത്. ഇത്തരത്തിലാണ് പഞ്ചായത്തംഗത്തെയും രേഷ്മ വലയിലാക്കയത്. ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചതിന് പിന്നാലെ മേയ് 29ന് 'അമ്മ' പഞ്ചായത്തംഗത്തിന്‍റെ ഫോണിലേക്ക് വിളിച്ചു. പിന്നാലെ രേഷ്മയും യുവാവുമായി സംസാരം തുടങ്ങി.
സംസാരം സൗഹൃദത്തിലേക്കും അടുപ്പത്തിലേക്കും വഴിമാറി. തുടര്‍ന്ന് കോട്ടയത്ത് വച്ച് ഇരുവരും കൂടിക്കണ്ടു. ഈ കൂടിക്കാഴ്ചയാണ് രേഷ്മയുടെ കഥ പൊളിയാന്‍ കാരണമായത്. അമ്മ തന്നെ ദത്തെടുത്ത് വളര്‍ത്തുന്നതാണെന്നും ഈ കല്യാണത്തിന് അമ്മയ്ക്കിഷ്ടമല്ലെന്നും രേഷ്മ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു. രേഷ്മയുടെ കഥയില്‍ വീണ യുവാവ് എങ്കില്‍ തിരുവനന്തപുരത്തേക്ക് പോരൂ, കല്യാണം വച്ചു താമസിപ്പിക്കണ്ട എന്നായി. അങ്ങനെ വെമ്പായത്ത് സുഹൃത്തിന്‍റെ വീട്ടില്‍ രേഷ്മയെ എത്തിച്ച് യുവാവ് താമസിപ്പിച്ചു. പിറ്റേന്ന് വിവാഹം കഴിക്കാനിരിക്കെ രേഷ്മയുടെ പെരുമാറ്റത്തില്‍ യുവാവിന് അടിമുടി ദുരൂഹത തോന്നി.സുഹൃത്തിനോടും ബന്ധുവിനോടും കാര്യം പറഞ്ഞതോടെ രഹസ്യമായി അന്വേഷണവും തുടങ്ങി. വധുവായി ഒരുങ്ങാന്‍ രേഷ്മ ബ്യൂട്ടി പാര്‍ലറില്‍ കയറിയതോടെ രേഷ്മയുടെ ബാഗടക്കം ഇവര്‍ പരിശോധിച്ചു. തലനാരിഴയ്ക്കാണ് വിവാഹത്തട്ടിപ്പില്‍ നിന്ന് രക്ഷപെട്ടതെന്ന് തിരിച്ചറിഞ്ഞ പഞ്ചായത്തംഗം വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. വിവാഹത്തിനായി ഓഡിറ്റോറിയത്തിലേക്ക് ഒരുങ്ങിയിറങ്ങിയ രേഷ്മയെ പൊലീസെത്തി കൂട്ടുകയും ചെയ്തു.
വിവിധ ജില്ലകളില്‍ നിന്നായി പത്തുപേരെ രേഷ്മ വിവാഹത്തട്ടിപ്പിനിരയാക്കിയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആര്യനാട് പൊലീസാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്. വിവരം മറ്റു സ്റ്റേഷനുകളിലേക്കും കൈമാറിയിട്ടുണ്ട്. ഇവര്‍ സാമ്പത്തിക തട്ടിപ്പു നടത്തിയോ എന്നതിലടക്കം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുന്‍പ് വിവാഹം കഴിച്ചയാളുടെ വിവരങ്ങളടക്കം രേഷ്മയില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.