മുറ്റമടിക്കാനുള്ള ചൂൽ മാത്രമല്ല ഈർക്കിൽ കൊണ്ട് പലതും നിർമിക്കാനാകുമെന്ന് തെളിയിക്കുകയാണ് എടത്വ സ്വദേശി സക്കറിയ മാത്യു. ചിരട്ടയും മടലും വരെ കളിപ്പാട്ടമാക്കിയ ശേഷമാണ് സക്കറിയയുടെ ഈർക്കിൽ പരീക്ഷണം. സ്കൂൾ വിദ്യാർഥികൾക്കും തന്‍റെ അറിവുകൾ പങ്കുവെക്കുന്നുണ്ട് ഈ 65കാരൻ.
തെങ്ങിൻറെ പൊറ്റ മുതൽ തുഞ്ചാണി വരെയുള്ള വസ്തുക്കൾ സക്കറിയയുടെ കയ്യിൽ കിട്ടിയാൽ കളിപ്പാട്ടമാകും, കൗതുകവസ്തുക്കളാകും. വീട്ടിലിരിക്കുമ്പോൾ വെറുതെയിരിക്കേണ്ട എന്ന് കരുതി തുടങ്ങിയതാണ്. ആവശ്യക്കാർ ഏറിയപ്പോൾ പുതിയ പരീക്ഷണങ്ങൾ നടത്തി. ഈർക്കിലങ്ങനെ വഞ്ചിയായി.
അത്രയൊന്നും വളയാത്ത ഈർക്കിലിനെ മെരുക്കി രൂപത്തിലാക്കി പശകൊണ്ട് ഒട്ടിച്ചുചേർക്കണം. പശ ഉണങ്ങും വരെ കാത്തിരുന്ന് ബാക്കി ഒട്ടിക്കും. പിന്നെ പോളിഷ് ചെയ്ത് ഭംഗിയാക്കും. മൂന്നോ നാലോ ദിവസം വരെ നീളുന്ന ജോലിയാണ്. പൂർണ്ണ പിന്തുണയുമായി കുടുംബം ഒപ്പമുണ്ട്.