ഇടുക്കിയിൽ കാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന സംഭവത്തിൽ കൈത്താങ്ങായി ദുബായിലെ മലയാളി ഡോക്ടര്‍. അടിമാലി സ്വദേശി ഉഷ സന്തോഷിനെ വീട്ടിലെ കട്ടിലിൽ കെട്ടിയിട്ട ശേഷം ചികില്‍സക്കായി കരുതിയ 16500 രൂപ മോഷ്ടാവ് അപഹരിക്കുകയായിരുന്നു. നടുക്കുന്ന ക്രൂരത മനോരമ ന്യൂസിലൂടെ കണ്ടറിഞ്ഞ ഡോക്ടര്‍, നഷ്ടപ്പെട്ട പണം ഉഷയുടെ കുടുംബത്തിന് അയച്ച് നൽകി.
കീമോ തെറപ്പിക്ക് ശേഷം വീട്ടിൽ വിശ്രമിക്കവേ കഴിഞ്ഞദിവസം രാവിലെയാണ് മുഖംമൂടി ധരിച്ച മോഷ്ടാവ് വീട്ടിൽ കയറിയത്. ഉഷയെ കട്ടിലിൽ കെട്ടി വായിൽ തുണി തിരുകിയ ശേഷം പഴ്സിലുള്ള പണവുമായി ഇയാൾ രക്ഷപെട്ടു. ഉഷയുടെ ഭർത്താവും മകളും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. ഇതു മനസ്സിലാക്കിയ ശേഷമാണ് മോഷ്ടാവ് അകത്ത് കടന്നത്.
അടിമാലി പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താനായില്ല. ഇതോടെ ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ശാസ്ത്രീയ പരിശോധനയിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്താനാണ് തീരുമാനം. ഒരാഴ്ച മുമ്പ് മാസ്ക് ഉപയോഗിച്ച് മുഖം മറച്ച ആൾ വീട്ടിലെത്തി ചികില്‍സയുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞെന്നും ഇയാളെ സംശയമുണ്ടെന്നും ഉഷ പൊലീസിനോട് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇയാളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. തന്റെ അവസ്ഥ ഇനി മറ്റാർക്കും ഉണ്ടാകരുതെന്ന് ഉഷ മനോരമ ന്യൂസിനോട് പറഞ്ഞു