നടന്‍ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയ്ക്കെതിരേ കൂടുതൽ ആരോപണങ്ങളുമായി ‘ഒ ബൈ ഓസി’യിലെ ജീവനക്കാർ രംഗത്ത്. തങ്ങളെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ദിയ കൈപ്പറ്റിയെന്നാണ് അവര്‍ ആരോപിക്കുന്നത്. സ്വന്തം വിലാസമോ മൊബൈൽ നമ്പറോ ദിയ എവിടേയും ഉപയോഗിച്ചിരുന്നില്ല. എല്ലാത്തിനും തങ്ങളുടെ ബാങ്ക് അക്കൗണ്ടും വിലാസവും ഉപയോഗിച്ചെന്നും ജീവനക്കാരായ യുവതികള്‍ ആരോപിക്കുന്നു.
'കസ്റ്റമേഴ്‌സിന്റെ പേയ്‌മെന്റ് സ്വന്തം അക്കൗണ്ടിൽ വാങ്ങിച്ചാൽ മതിയെന്നാണ് ദിയ പറഞ്ഞിരുന്നത്. ബാങ്കിൽ നിന്ന് പ്രശ്‌നങ്ങളുള്ളതിനാൽ അവർ വരുമ്പോൾ പണമായിട്ട് നൽകിയാൽ മതിയെന്നാണ് അവർ പറഞ്ഞത്. പിന്നെ കുറേ നാളുകൾക്ക് ശേഷമാണ് നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് ദിയ പറഞ്ഞു. പലപ്പോഴും ദിയ ഷോപ്പിൽ വരാറില്ല. പാർട്ട് ടൈം എന്ന് പറഞ്ഞ് വിളിച്ച ജോലി ഓവർ ടൈം ആയതോടെ മാറണമെന്ന് വിചാരിച്ചിരുന്നു, ഡെലിവറി കഴിയുന്ന വരെ കാത്തിരിക്കണമെന്നായിരുന്നു അന്ന് ദിയ പറഞ്ഞത്. എന്ത് പറഞ്ഞാലും അടിച്ചമർത്തുന്ന രീതിയിലായിരുന്നു സംസാരിച്ചത്. ജാതീയമായി അധിക്ഷേപിച്ചു. മറ്റ് ആളുകളുടെ അടുത്ത് നമ്മളെപ്പറ്റി കുറ്റം പറയുകയും താരതമ്യം ചെയ്യാനും തുടങ്ങി. ഇതോടെ, ജോലിക്ക് വരേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു.ഇതിന് പിന്നാലെ നിങ്ങളുടെ അക്കൗണ്ടിൽ പേയ്‌മെന്റ് വാങ്ങിയതിന്റെ സ്‌ക്രീൻഷോട്ട് കസ്റ്റമറിൽ നിന്ന് വാങ്ങി മോഷണത്തിന് കേസ് നൽകുമെന്ന് ദിയ പറഞ്ഞു. ഇതിന്റെ സ്‌ക്രീൻഷോട്ട് എന്റെ കയ്യിലുണ്ട്. 29-ാം തീയതി രാത്രി ഉറങ്ങാൻ പോലും സമ്മതിച്ചിട്ടില്ല. രാത്രി തുടങ്ങിയ ഫോൺ കോളുകൾ പുലർച്ചെ നാല് വരെ തുടർന്നു. ഞങ്ങൾ മൂന്ന് പേരെയും ചീത്ത വിളിക്കുന്നതിന്റെ സ്‌ക്രീൻഷോട്ട് ഞങ്ങളുടെ അടുത്ത് ഉണ്ട്’ ജീവനക്കാര്‍ പറഞ്ഞു.
ദിയയുടേത് വല്ലാത്തതരം സ്വഭാവമാണ്. എല്ലാത്തിനും വീട്ടുകാരെ വലിച്ചിഴയ്ക്കും. ഇവര്‍ ആ ജാതിയില്‍ ഉള്ളവരാണ്. അതുകൊണ്ടാണ് അവര്‍ക്ക് ഇങ്ങനെ പറ്റുന്നത് എന്നൊക്കെ പറഞ്ഞ് അധിക്ഷേപിക്കുന്നതിന്റെ റെക്കോഡിങ് ഞങ്ങളുടെ കയ്യിലുണ്ട്. ഞങ്ങളെ പൂട്ടിയിട്ടിരിക്കുകയായിരുന്നു. രാവിലെ 11-ന് പൂട്ടിയിട്ടിട്ട് വൈകീട്ട് 6.45നാണ് പുറത്തുവിടുന്നത്. അത്രനേരം ഫോണ്‍ ഇല്ലായിരുന്നു. എന്റെ ഭര്‍ത്താവിനെ പുറത്തുവിട്ട് മാലയൊക്കെ പണയംവെച്ച് പണം എത്തിക്കാന്‍ പറഞ്ഞു. സ്വര്‍ണം പണയം വെച്ചതിന്റെ രേഖകളും ഞങ്ങളുടെ കയ്യിലുണ്ട്’ ജീവനക്കാർ പറയുന്നു.