തട്ടിപ്പ് നടത്തിയ ജീവനക്കാരെക്കുറിച്ച് നിറകണ്ണുകളോടെ തുറന്നു പറഞ്ഞ് ദിയ കൃഷ്ണ. സ്ഥാപനത്തിലെ ജീവനക്കാരെ കണ്ണടച്ച് വിശ്വസിച്ചു പോയെന്നും അവർ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും ദിയ കൃഷ്ണ പറഞ്ഞു. ഗർഭിണി ആയതിനാൽ കുറച്ചു കാലം കടയിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. സ്വന്തം അനിയത്തിമാരെപ്പോലെ വിശ്വസിച്ചവരാണ് പണം തട്ടിയത്. ഒടുവിൽ ഒരു സുഹൃത്ത് നൽകിയ സൂചനയാണ് തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ സഹായിച്ചതെന്നും ദിയ കൃഷ്ണ വെളിപ്പെടുത്തി.
‘ഏഴെട്ടു മാസമായി അവർ തട്ടിപ്പ് നടത്തുന്നുണ്ട്. ഞാനിപ്പോൾ എട്ടു മാസം ഗർഭിണിയാണ്. എനിക്ക് ആദ്യ അഞ്ചു മാസം വരെ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതുകൊണ്ട് പലപ്പോഴും ആശുപത്രിയിലായിരുന്നു. അമ്മയാണ് കൂടെ വരാറുള്ളത്. ഡ്രിപ്പ് ഇട്ടാണ് പലപ്പോഴും സംസാരിക്കാൻ പറ്റിയിരുന്നത് തന്നെ. ഗർഭിണി ആകുന്നതു വരെ കടയിലെ സ്റ്റോക്കും ക്യാഷും എല്ലാം ഞാൻ നോക്കിയിരുന്നു. ഞാൻ എപ്പോഴും കടയിൽ പോയി ഇരിക്കുന്നതാണ്. എനിക്ക് കടയിൽ വരാൻ കഴിയുന്ന അവസ്ഥ അല്ലെന്ന് ജീവനക്കാരോട് ഞാൻ പറഞ്ഞിരുന്നു. കട നോക്കി നടത്തണമെന്നും അവരോട് ആവശ്യപ്പെട്ടിരുന്നു. കുറച്ചു കാലമായി എന്റെ കൂടെ ഉള്ളവർ ആയതുകൊണ്ട് സ്വാഭാവികമായും ഞാൻ അവരെ വിശ്വസിച്ചു. അങ്ങനെ വിശ്വസിക്കാതെ നമുക്ക് ഒരു പരിധി കഴിഞ്ഞ് ബിസിനസ്സ് ചെയ്യാൻ കഴിയില്ല. അങ്ങനെ അവരെ വിശ്വസിച്ചതാണ്! ആരു ചോദിച്ചാലും ഞാൻ എന്റെ പിള്ളേരെന്നാ അവരെക്കുറിച്ച് പറയാറുള്ളത്. എന്റെ അനിയത്തിമാരെപ്പോലെ എന്നാണ് ഞാനെപ്പോഴും പറയുക. കാരണം, അവർ ചെറിയ പിള്ളേരായിരുന്നു. അവർ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല. എന്റെ ഏറ്റവും ഇളയ അനിയത്തിയുടെ പ്രായമൊക്കെയേ അവർക്കുണ്ടാവൂ. അവർ ഇങ്ങനെ ചെയ്യുമെന്ന് എന്റെ മനസ്സിൽക്കൂടെ പോകുന്നില്ല.’ ദിയ കൃഷ്ണയുടെ വാക്കുകള്‍
അതേ സമയം ദിയ കൃഷ്ണയ്ക്കെതിരേ കൂടുതൽ ആരോപണങ്ങളുമായി ‘ഒ ബൈ ഓസി’യിലെ ജീവനക്കാർ രംഗത്ത്. തങ്ങളെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ദിയ കൈപ്പറ്റിയെന്നാണ് അവര്‍ ആരോപിക്കുന്നത്. സ്വന്തം വിലാസമോ മൊബൈൽ നമ്പറോ ദിയ എവിടേയും ഉപയോഗിച്ചിരുന്നില്ല. എല്ലാത്തിനും തങ്ങളുടെ ബാങ്ക് അക്കൗണ്ടും വിലാസവും ഉപയോഗിച്ചെന്നും ജീവനക്കാരായ യുവതികള്‍ ആരോപിക്കുന്നു.