സലിം കുമാറിനെതിരെ പരോക്ഷമായി മോശം പരാമര്‍ശം നടത്തിയ നടന്‍ വിനായകന് സോഷ്യല്‍ മീഡിയ കമന്‍റിലൂടെ മറുപടിയുമായി സലിം കുമാറിന്‍റെ മകന്‍ ചന്തു സലിം കുമാര്‍. "വിനായകന്‍ എന്നെ ആദ്യം കണ്ടപ്പോള്‍ എന്നോട് പറഞ്ഞൊരു കാര്യമുണ്ട്. ഈ സീനിയര്‍ നടന്‍മാര്‍ എന്ന് പറയുന്നവരൊക്കെ എന്നെ മാറ്റിനിര്‍ത്തുമായിരുന്നെടാ..നിന്‍റെ അച്ഛനില്ലേ അയാള്‍ മാത്രമേ എന്നെ കൂടെ നിര്‍ത്തിയിട്ടുള്ളൂ. അതാണെടാ അയാളുടെ ക്വാളിറ്റി. ഇതേ ആള് തന്നെയാണ് ഇതും പറയുന്നത്. ഡ്രഗ് എക്‌സ്‌പ്ലോയിറ്റ് ചെയ്യുന്ന ഒരാളെ എത്രത്തോളം അത് ബാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കണം. അയാള്‍ക്ക് ആര് എന്തെന്ന് പോലും മനസ്സിലാകുന്നില്ല". എഫ്ബിയിലെ സിനിമ പാരഡൈസോ ക്ലബ്ബിലെ ഒരു പോസ്‌റ്റില്‍ കമന്‍റ് ചെയ്തുകൊണ്ടായിരുന്നു ചന്തുവിന്‍റെ പ്രതികരണം.
കുടിച്ച് കുടിച്ച് ആരോഗ്യം നഷ്‌ടപ്പെട്ട് എഴുന്നേറ്റുനില്‍ക്കാന്‍ പരസഹായം വേണ്ടവരാണ് പൊതുവേദിയില്‍ വന്ന് ഡ്രഗ്സിനെ കുറിച്ച് സംസാരിക്കുന്നത് എന്നായിരുന്നു വിനായകന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. "കള്ളടിച്ച് മൂത്ത് പഴുത്ത് സകലതും അടിച്ചുപോയ, എഴുന്നേറ്റ് നില്‍ക്കാന്‍ നാലാളുടെ സഹായം വേണ്ടി വരുന്നവന്‍മാര്‍ പൊതു വേദിയില്‍ വന്നിരുന്ന് ഡ്രഗ്‌സിനെപ്പറ്റി പറയുന്നത് കോമഡിയാണ്. ദുരന്തവും. മയക്കുന്നതെല്ലാം മയക്കുമരുന്നാണ്. കള്ളാണേലും കഞ്ചാവാണേലും പെണ്ണാണേലും. സ്വന്തമായി പൊങ്ങാനാവാതെ മറ്റുള്ളവരുടെ തോളില്‍ തൂങ്ങി പൊതുവേദിയില്‍ വന്നിരുന്ന്, ടെക്‌നോളജിയെ കുറിച്ച് ഒന്നും അറിയാത്ത നീയാണോ യുവതീ യുവാക്കളെ ഉപദേശിക്കുന്നത്. ചത്ത ഈ ശവങ്ങളെ പൊതുവേദിയില്‍ കൊണ്ടുവന്ന് ഇരുത്തല്ലേ… ചാകാറായാല്‍ വീട്ടില്‍ പോയിരുന്ന് ചത്തോളണം. സിനിമ നിന്നെയൊക്കെ മയക്കുന്നത് കൊണ്ടല്ലേടാ മക്കളേയും അതിലേക്ക് തള്ളി കയറ്റി വിട്ട് കാശുണ്ടാക്കാന്‍ നോക്കുന്നത്… നീയൊക്കെയല്ലേടാ യഥാര്‍ത്ഥ ഡ്രഗ് അഡിക്‌ട് ?", ഇങ്ങനെയാണ് വിനായകന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്. കുറച്ച് സമയം കഴിഞ്ഞ് വിനായകന്‍ നടന്‍ പോസ്‌റ്റ് പിന്‍വലിക്കുകയും ചെയ്തു.
വിനായകന്‍റെ ഈ പോസ്‌റ്റ് സലിം കുമാറിനെ ലക്ഷ്യം വച്ചാണെന്ന് കമന്‍റുകള്‍ വന്നതോടെയാണ് പ്രതികരണവുമായി ചന്തു സലിം കുമാര്‍ എത്തിയത്. "അയാള്‍ ഇതുവരെ പോയിട്ടുള്ള പരിപാടികളെല്ലാം ഒന്നല്ലെങ്കില്‍ ബോധവത്‌ക്കരണ ക്ലാസുകള്‍, അല്ലെങ്കില്‍ സാമൂഹിക സമ്മേളനങ്ങള്‍. അവിടെ എല്ലാം അയാളെ കേള്‍ക്കാന്‍ വരുന്നവരോടാണ് അയാള്‍ സംസാരിക്കുന്നത്. അവിടെ എല്ലാം പോയിരുന്ന് എന്നെ പോലെ എല്ലാവരും കുടിച്ച് ലിവര്‍ സിറോസിസ് വരുത്തി വയ്‌ക്കുവെന്ന് പറയാന്‍ പറ്റില്ലല്ലോ. അനുഭവിക്കുന്നവര്‍ക്കല്ലേ അതിന്‍റെ ദൂഷ്യഫലങ്ങള്‍ അറിയാനും അത് പറഞ്ഞ് മനസ്സിലാക്കാനും പറ്റുകയുള്ളു. ഡ്രഗ്‌സിനെതിരെ പറയുന്നത് ക്രൈം ആണെന്ന് ഇതുവരെ അറിവില്ല. ഇവിടെ ഓരോ ആളുകള്‍ കാര്യങ്ങള്‍ മനസ്സിലാക്കി തിരിച്ച് ജീവിതം പിടിച്ചെടുക്കുവാന്‍ നോക്കുന്നു. വീട്ടില്‍ അമ്മയെയും പെങ്ങളെയുമൊക്കെ ആരെങ്കിലും കമന്‍റ് അടിച്ചാല്‍ കുഴപ്പമില്ല. ഭാഷ ഇച്ചിരി മോശം ആണെന്നെ ഉള്ളൂ. പ്രശ്‌നം ആക്കേണ്ടെന്ന് പറയുമായിരിക്കും അല്ലേ?" - ചന്തു കുറിച്ചു.