വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനകള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് നിര്‍ദേശിച്ച് സര്‍ക്കാര്‍. ഭൂമിയും പണവും ഉള്‍പ്പെടെ പരമാവധി സംഭാവന പിരിക്കുന്നവര്‍ക്ക് ഗ്രേഡ് നല്‍കി മല്‍സരത്തിന്‍റെ ഭാഗമാക്കുമെന്നും ഉത്തരവ്. തോന്നിയമട്ടില്‍ പണം പിരിക്കാനുള്ള സ്വാതന്ത്ര്യം അഴിമതിക്ക് വഴിവയ്ക്കുമെന്നാണ് വിമര്‍ശനം. ധനകാര്യ കമ്മിഷന്‍ ശുപാര്‍ശയോടെ സര്‍ക്കാരും നിയമസഭയും അംഗീകരിച്ച കാര്യം ഉത്തരവായി വന്നതാണെന്നും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള വഴിയല്ലെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
ആസ്തി കൂട്ടാനുള്ള എന്തും സംഭാവനയായി സ്വീകരിക്കാം. മണ്ണായും, പണമായും, മൂല്യമുള്ള എന്ത് വസ്തുവായാലും മുതല്‍ക്കൂട്ടാക്കാം. രസീത് നല്‍കണമെന്ന് മാത്രം. സംഭാവനകള്‍ സ്വീകരിക്കുന്നതിന് പ്രത്യേക ക്യാംപയിന്‍ സംഘടിപ്പിക്കണം. സ്പോണ്‍സര്‍ഷിപ്പ് പ്രോല്‍സാഹിപ്പിക്കണം. കിട്ടിയ സംഭാവന ഓരോ വര്‍ഷവും വിലയിരുത്തും. ഒരു പ്രത്യേക ആവശ്യത്തിന് സമാഹരിച്ച സംഭാവന അതേ ആവശ്യത്തിന് മാത്രമായി വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കണം. മികച്ച തദ്ദേഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ സംഭാവന പിരിക്കുന്നതിലെ ശുഷ്ക്കാന്തിക്കും മാര്‍ക്കുണ്ടാവും. നന്നായി പിരിച്ചാല്‍ നല്ല മാര്‍ക്കോടെ പട്ടികയില്‍ ഇടംപിടിക്കാനാവുമെന്ന് ചുരുക്കം. നിയമസഭയില്‍ ഉള്‍പ്പെടെ കൃത്യമായ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സംഭാവന പിരിക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് മന്ത്രി എം.ബി.രാജേഷ്.
സംഭാവന പിരിക്കുന്നതില്‍ എന്താണ് തെറ്റെന്നും നല്ല കാര്യമല്ലേയെന്നും ധനമന്ത്രി. തദ്ദേശസ്ഥാപനങ്ങള്‍ക്ക് സംഭാവന പിരിക്കാന്‍ നല്‍കിയ അനുമതി ക്രമക്കേടിനും അഴിമതിക്കും വഴിവയ്ക്കുമെന്നാണ് വിമര്‍ശനം. പണം നല്‍കുന്നവര്‍ക്ക് വിധേയമായി തദ്ദേശസ്ഥാപന ഭരണസമിതികള്‍ക്ക് തീരുമാനമെടുക്കേണ്ടി വരുമെന്നും ആക്ഷേപം.