Image Credit; Facebook

Image Credit; Facebook

നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെപ്പറ്റി വൈറൽ കുറിപ്പുമായി ഡിജിറ്റൽ ക്രിയേറ്റർ ഷിബു ​ഗോപാലകൃഷ്ണൻ. മനുഷ്യർക്ക് സംഭവിക്കുന്ന പരിണാമങ്ങളിൽ വലിയ കൗതുകമുണ്ടെന്നും, പഴയ ഒരു സ്വരാജിനെ അല്ല ഇപ്പോൾ സ്‌ക്രീനിൽ കാണുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

മനുഷ്യർ ഉരുക്കുകല്ലുകളല്ല. കാലവും കാലാതീതമായ അനുഭവങ്ങളും അവരെ പാകപ്പെടുത്തുന്നുണ്ട്, അവരെ ഉരച്ചു മാറ്റു കൂട്ടുന്നുണ്ട്. സ്വരാജിനെ നേരിട്ട് പരിചയമില്ല, കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. എങ്കിലും മാറിനിന്നു മനുഷ്യർക്ക് സംഭവിക്കുന്ന പരിണാമങ്ങളിൽ കൗതുകം കൊള്ളാറുണ്ട്.

പഴയ ഒരു സ്വരാജിനെ അല്ല ഇപ്പോൾ സ്‌ക്രീനിൽ കാണുന്നത്, പണ്ടത്തെ സ്വരാജ് കുറച്ചുകൂടി കടുപ്പമുള്ള, വലിഞ്ഞുമുറുകിയ ഒരു സ്വരാജായിരുന്നു. അടുത്തേക്ക് ചെല്ലണമോ എന്ന് നമ്മൾ രണ്ടുതവണ ഒരുപക്ഷേ ആലോചിച്ചു പോയേക്കാവുന്ന അത്രയും അകലം കാഴ്ചയിൽ തന്നെ സൃഷ്ടിക്കുന്ന വാതിലുകളും ജനാലകളും അത്രയൊന്നും തുറന്നു വച്ചിട്ടില്ലാത്ത വാക്കിലും നോക്കിലും കടുകട്ടിയായ സ്വരാജ്.

എന്നാൽ ഇപ്പോൾ ചിരിക്കാത്ത സ്വരാജിനെ കാണാനേ കഴിയില്ല. എത്ര കടുപ്പമുള്ള കാര്യം പറയുമ്പോഴും ചുണ്ടിൽ ഒരു ചിരി കൊളുത്തിവച്ചിരിക്കുന്ന സ്വരാജ്. അനാവശ്യമായ കൂർപ്പിക്കലുകൾ ഇല്ല, അടുത്തേക്ക് ചെല്ലാൻ മടിച്ചു നിൽക്കുന്ന എന്തൊക്കെയോ കൊഴിച്ചുകളഞ്ഞ സ്വരാജ്. ശരീര ഭാഷയിലും സംസാര ഭാഷയിലും കൂടുതൽ പേരുമായി സംവദിക്കുന്ന തുറന്ന സ്വരാജ്. മടിച്ചു നിൽക്കാതെ അടുത്തേക്ക് ചെല്ലാൻ ക്ഷണിക്കുന്ന എന്തൊക്കെയോ അയാളിൽ കടന്നുകൂടിയിരിക്കുന്നു. എവിടെയെല്ലാമോ ചില കൂർപ്പുകൾ ഉടഞ്ഞു പോയിരിക്കുന്നു, കൂടുതൽ പേരിലേക്ക് കടന്നു ചെല്ലാൻ കഴിയുന്ന സാരള്യം അയാളിൽ കാലം കണ്ടെടുത്തിരിക്കുന്നു.

ഇത്രയും ഇഷ്ടം മനുഷ്യർക്ക് അയാളോട് തോന്നുന്നത് എന്തുകൊണ്ടാണെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്, കാരണം അയാൾ ഇപ്പോൾ കൂടുതൽ വാതിലുകളും ജനാലകളും തുറന്നുവച്ചിരിക്കുന്നു. അതിനുമുന്നിലൊരു ചിരി കൊളുത്തി വച്ചിരിക്കുന്നു. കണ്ണു നിറയേണ്ടപ്പോൾ അയാളുടെ കണ്ണ് നിറയുന്നു, വാക്കുകൾ ഇടറി വീഴേണ്ടപ്പോൾ അയാളിൽ നിന്നും വാക്കുകൾ ഇടറി ഇറ്റു വീഴുന്നു. - അദ്ദേഹം സ്വരാജിനുണ്ടായ മാറ്റം വിശദീകരിക്കുന്നു.  

ENGLISH SUMMARY:

Shibu Gopalakrishnan fb post about m swaraj