സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ പോക്സോ കേസിൽ ഉൾപ്പെട്ട വ്ളോഗറെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചത് വിവാദത്തിൽ. വ്ളോഗർ മുകേഷ് എം. നായരാണ് ഫോർട്ട് ഹൈസ്‌കൂളിലെ പ്രവേശനോത്സവത്തിൽ കഴിഞ്ഞ ദിവസം മുഖ്യാതിഥിയായത്. ഇയാളെ മുഖ്യാതിഥിയായി ക്ഷണിച്ചത് തങ്ങളല്ലെന്നും, കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യാനെത്തിയ സംഘടനയാണെന്നുമാണ് സ്‌കൂൾ അധികൃതർ പറയുന്നത്.
അനുമതിയില്ലാതെ ദേഹത്ത് സ്‌പർശിച്ചെന്നും, അർദ്ധനഗ്നയാക്കി റീൽസ് ചിത്രീകരിച്ചെന്നുമുള്ള 15കാരിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് മുകേഷ് എം. നായരെ ഒന്നാം പ്രതിയാക്കി കോവളം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. മുകേഷ് എം. നായർക്ക് പോക്സോ കോടതിയിൽ നിന്ന് ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു.
എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ഉപഹാരം നൽകിയത് ഇയാളാണ്. പോക്സോ കേസിൽ ഉൾപ്പെട്ടെ അദ്ധ്യാപകരെ സർവീസിൽ നിന്ന് മാറ്റുന്നത് അടക്കം പൊതുവിദ്യാഭ്യാസവകുപ്പ് നിലപാട് സ്വീകരിക്കുമ്പോഴാണ് പ്രവേശനോത്സവത്തിൽ വകുപ്പിന് കളങ്കമുണ്ടാക്കിയ സംഭവമുണ്ടായതെന്നാണ് ആക്ഷേപം.