ഒൻപത് മക്കൾ ഒന്നിച്ച് സ്കൂളിലേക്ക് പോകാനിറങ്ങുന്ന കാഴ്ച കണ്ട് സന്തോഷത്തിലാണ് കൊട്ടിയൂരിലെ പോടൂർ സന്തോഷും ഭാര്യ രമ്യയും. ഇനി ഇത്തരമൊരു സ്കൂളിൽ പോക്ക് ഉണ്ടാവില്ല. കാരണം മൂത്ത മകൾ ഈ വർഷം പ്ലസ് ടു പൂർത്തിയാക്കുന്നതോടെ സ്കൂൾ ജീവിതത്തിൽ നിന്ന് മാറി ഉന്നത പഠനത്തിനായി പോകും. ഇളയ മകൾക്ക് പ്രായം വെറും മൂന്നര മാസം മാത്രമാണ്.
മൂത്ത മകൾ ആൽഫിയ ലിസ്ബത്ത് കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. രണ്ടാമത്തെ മകൾ ആഗ്നസ് മരിയയും മൂന്നാമത്തെ മകൾ ആൻ ക്ലെറിനും അതേ സ്കൂളിലെ പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്നു.അതിന് താഴെയുള്ള അസിൻ തെരേസ് ആറിലും. ലിയോ ടോം നാലിലും ലെവിൻസ് ആന്റണി രണ്ടാം ക്ലാസിലും കാതറിൻ ജോക്കിമ യുകെജിയിലും പഠിക്കുന്നു. വീടിന് തൊട്ടടുത്ത് തന്നെയുള്ള തലക്കാണി ഗവ യുപി സ്കൂളിലാണ് ഇവർ നാലും പേരും പഠിക്കുന്നത്.ഇവരുടെ ഇളയ ഇരട്ട സഹോദരിമായ ജിയോവാന മരിയയും ജിയന്ന ജോസ്ഫിനയും അടുത്തുള്ള അങ്കണവാടിയിലും പോകും. കഴിഞ്ഞ രണ്ട് മാസമായി താലോലിക്കാനും കൂട്ടിരിക്കാനും ഉണ്ടായിരുന്ന ചേച്ചിമാരും ചേട്ടൻമാരും സ്കൂളിലേക്ക് പോകാൻ ഒരുങ്ങുന്നത് മുതൽ റ്റാറ്റാ പറഞ്ഞ് വീടിന്റെ പടി കടന്ന് റോഡിലൂടെ സ്കൂളിലേക്ക് പോകുന്നത് കൗതുകത്തോടെ നോക്കിയിരിക്കും മൂന്ന് മാസം മാത്രം പ്രായമുള്ള ഇളയ മകൾ അന്ന റോസ്‌ലിയ
മക്കൾ എല്ലാവരേയും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമാണ് പഠിപ്പിക്കുന്നതെന്നും മികച്ച പഠനമാണ് ലഭിക്കുന്നതെന്നും സന്തോഷ് പറയുന്നു. ഇളയ മോൾ സ്കൂളിൽ പോകാൻ പ്രായമാകുമ്പോഴേക്കും മൂത്തവർ സ്കൂൾ പഠനം കഴിഞ്ഞു പോകും എന്നതിനാൽ ഈ വർഷത്തെ അധ്യയന വർഷം തങ്ങൾക്ക് ഒരുപാട് പ്രത്യേകതകൾ ഉള്ളതാണെന്ന് സന്തോഷും രമ്യയും പറയുന്നു.