നാളെ സ്കൂള്‍ തുറക്കാനിരിക്കെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് തുറന്ന കത്തുമായി നിലമ്പൂരില്‍ ആദിവാസി ഭൂസമരത്തില്‍ പങ്കെടുക്കുന്നവരുടെ മക്കള്‍. ഈ പെരുമഴയത്ത് ഞങ്ങളുടെ അമ്മമാര്‍ മലപ്പുറം കലക്ട്രേറ്റിന് മുന്‍പില്‍ സമരത്തിലാണെന്നും ഞങ്ങള്‍ എല്ലാരും കൊറച്ചു ദിവസങ്ങളായി വിശന്നിരിക്കുകയാണെന്നും കുട്ടികള്‍ പറയുന്നു.ഞങ്ങളുടെ അമ്മമാര്‍ വീട്ടില്‍ ഇല്ലെങ്കില്‍ ഞങ്ങളെങ്ങനെ സ്‌കൂളില്‍ പോകുമെന്നും കുട്ടികള്‍ ചോദിക്കുന്നു.
സ്വന്തമായൊരു വീട് ഉണ്ടാക്കാനും, കൃഷി ചെയ്യാനും വേണ്ടി ഭൂമിക്കായി സമരം ചെയ്യാന്‍ അമ്മമാര്‍ മലപ്പുറത്തേക്ക് പോകുവാ എന്നാ പറഞ്ഞെ…പക്ഷെ ഞങ്ങള്‍ക്ക് ഒരു സംശയം; ഞങ്ങളെന്തിനാ ഇതിനൊക്കെ വേണ്ടി സമരം ചെയ്യുന്നത്? ഞങ്ങടെ സ്‌കൂളിലെ കുട്ടുകാര്‍ക്കൊക്കെ ചോരാത്ത വീടും മുറ്റവും തൊടിയും പറമ്പുമൊക്കെ ഉണ്ടല്ലോ.ഞങ്ങള്‍ക്ക് എന്താ ഇല്ലാത്തെ? കഴിഞ്ഞ വര്‍ഷവും അമ്മ സമരത്തിന് പോയിരുന്നു. അന്ന് ഒരുപാട് ദിവസം കഴിഞ്ഞാണ് വീട്ടില്‍ തിരിച്ചെത്തിയത്…അന്നും മഴയായിരുന്നു…അന്നും ഞങ്ങള്‍ ഒറ്റക്കായിരുന്നു. കുട്ടികള്‍ കത്തില്‍ പറയുന്നു.
സ്‌കൂള്‍ തുറക്കുമ്പോ എല്ലാരും പുതിയ ബാഗ്, കുട, പുസ്തകങ്ങള്‍, പെന്‍സില്‍ ഒക്കെ ആയിട്ടാകും വരിക.. അത് കാണുമ്പോള്‍ കൊറച്ചു സങ്കടം വരുമെങ്കിലും അമ്മക്ക് പണിക്ക് പോവാന്‍ പറ്റാത്തത് കൊണ്ട് ഞങ്ങള്‍ വാശി പിടിക്കാറില്ലെന്നും കുട്ടികള്‍ പറയുന്നു.
ഞങ്ങള്‍ക്ക് തരാമെന്ന് കളക്ടര്‍ വാക്ക് തന്ന ഭൂമി ഇപ്പഴും തരുന്നില്ല എന്ന് അമ്മമാര്‍ പറഞ്ഞു. ഞങ്ങളുടെ അമ്മമാര്‍ വീട്ടില്‍ ഇല്ലെങ്കി ഞങ്ങളെങ്ങനെ സമാധാനമായി പഠിക്കും? സന്തോഷത്തോടെ എങ്ങനെ ഭക്ഷണം കഴിക്കും? പേടിയില്ലാതെ എങ്ങനെ ഉറങ്ങും? അതുകൊണ്ട് നല്‍കാമെന്ന് ഏറ്റ ഭൂമി നല്‍കി സമരം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചു തരണം…ഞങ്ങളുടെ സങ്കടത്തിനൊപ്പം നിക്കണം എന്ന് പറഞ്ഞാണ് കുട്ടികള്‍ കത്ത് അവസാനിപ്പിക്കുന്നത്. നിലമ്പൂരിലെ വിവിധ സ്കൂളുകളില്‍ നാലാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന ആറ് വിദ്യാര്‍ഥികളാണ് കത്തെഴുതിയിരിക്കുന്നത്.
നിലമ്പൂരിലെ ഭൂരഹിതരായ 60 ആദിവാസി കുടുംബങ്ങള്‍ മലപ്പുറം കലക്ടറേറ്റിൽ നടത്തുന്ന സമരം പതിമൂന്ന് ദിവസം പിന്നിട്ടിരിക്കുകയാണ്.ദീർഘകാലമായി നടത്തിവന്ന ഭൂസമരത്തിന് കഴിഞ്ഞവർഷം മാർച്ച് 18ന് ചേർന്ന ഒത്തുതീർപ്പു ചർച്ചയിൽ താൽക്കാലിക പരിഹാരം നിർദ്ദേശിക്കപ്പെട്ടിരുന്നു.
അറുപത് കുടുംബങ്ങൾക്ക് ആറുമാസത്തിനകം അമ്പതു സെന്റ് വീതം ഭൂമി നൽകും എന്നായിരുന്നു കലക്ടർ നൽകിയ ഉറപ്പ്.എന്നാല്‍ ആറു മാസം കഴിഞ്ഞിട്ടും ഭൂവിതരണം നടക്കാത്തതിനാൽ കഴിഞ്ഞ വർഷം നവംബർ നാലിന് സമരസമിതി വീണ്ടും കലക്ടറെ സമീപിച്ചു. ഡിസംബർ 31ന് മുന്‍പ് മുഴുവൻ പേർക്കും ഉറപ്പു നൽകിയ ഭൂവിതരണം പൂർത്തിയാക്കും എന്നായിരുന്നു അപ്പോൾ കലക്ടർ നൽകിയ പുതുക്കിയ ഉറപ്പ്. എന്നാൽ അതും പാലിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് നിലമ്പൂരിലെ ഭൂരഹിതരായ ആദിവാസികൾ വീണ്ടും കലക്ടറേറ്റിന് മുന്നില്‍ സമരവുമായി എത്തിയത്.
വിദ്യാര്‍ഥികളുടെ കത്തിന്‍റെ പൂര്‍ണരൂപം;
പ്രിയപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്ക്,ഞങ്ങള്‍ നിലമ്പൂരില്‍ നിന്നാണ് ഈ കത്ത് എഴുതുന്നത്. നാളെ വീണ്ടും ഞങ്ങള്‍ക്ക് സ്‌കൂള്‍ തുറക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ പെരുമഴയുമാണ്. വീടിനുള്ളിലൂടെ വെള്ളം ഇറങ്ങുന്നുണ്ട്. ഞങ്ങള്‍ മഴക്കാലത്ത് അമ്മമാരെ കെട്ടിപിടിച്ചാണ് ഉറങ്ങാറ്, പക്ഷെ ഈ മഴകാലത്ത് അമ്മമാര്‍ ഞങ്ങളുടെ കൂടെയില്ല.
സ്വന്തമായൊരു വീട് ഉണ്ടാക്കാനും, കൃഷി ചെയ്യാനും വേണ്ടി ഭൂമിക്കായി സമരം ചെയ്യാന്‍ അമ്മമാര്‍ മലപ്പുറത്തേക്ക് പോകുവാ എന്നാ പറഞ്ഞെ…പക്ഷെ ഞങ്ങള്‍ക്ക് ഒരു സംശയം; ഞങ്ങളെന്തിനാ ഇതിനൊക്കെ വേണ്ടി സമരം ചെയ്യുന്നത്? ഞങ്ങടെ സ്‌കൂളിലെ കുട്ടുകാര്‍ക്കൊക്കെ ചോരാത്ത വീടും മുറ്റവും തൊടിയും പറമ്പുമൊക്കെ ഉണ്ടല്ലോ… ഞങ്ങള്‍ക്ക് എന്താ ഇല്ലാത്തെ? കഴിഞ്ഞ വര്‍ഷവും അമ്മ സമരത്തിന് പോയിരുന്നു… അന്ന് ഒരുപാട് ദിവസം കഴിഞ്ഞാണ് വീട്ടില്‍ തിരിച്ചെത്തിയത്… അന്നും മഴയായിരുന്നു… അന്നും ഞങ്ങള്‍ ഒറ്റക്കായിരുന്നു…സ്‌കൂള്‍ തുറക്കുമ്പോ എല്ലാരും പുതിയ ബാഗ്, കുട, പുസ്തകങ്ങള്‍, പെന്‍സില്‍ ഒക്കെ ആയിട്ടാകും വരിക.. അത് കാണുമ്പോള്‍ കൊറച്ചു സങ്കടം വരുമെങ്കിലും അമ്മക്ക് പണിക്ക് പോവാന്‍ പറ്റാത്തത് കൊണ്ട് വാശി പിടിക്കാറില്ല. അമ്മ ഇല്ലാത്തതുകൊണ്ട് സങ്കടം വരാറുണ്ട്… ഭക്ഷണം കഴിക്കാനും മഴയത്തു കെട്ടി പിടിച്ചു ഉറങ്ങാനും സ്‌കൂളിലേക്ക് പറഞ്ഞു വിടാനും അമ്മ വേണം… പക്ഷെ സമരം കഴിയാതെ അമ്മ വരില്ലെന്ന് പറഞ്ഞിട്ടാ പോയത്.
ഇന്നലെ വീട്ടില്‍ വന്നപ്പോള്‍ സമരം അവസാനിപ്പിക്കാത്തത് മന്ത്രിമാരും ഉദ്യോഗസ്ഥരും കാരണമാണെന്ന് അമ്മ പറഞ്ഞു. ഞങ്ങള്‍ക്ക് തരാമെന്ന് കളക്ടര്‍ വാക്ക് തന്ന ഭൂമി ഇപ്പഴും തരുന്നില്ല എന്നും പറഞ്ഞു. എന്റെ അമ്മ മാത്രമല്ല എന്റെ കൂട്ടുകാരുടെ അമ്മമാരും സമരത്തിലാണ്. ഞങ്ങള്‍ എല്ലാരും കൊറച്ചു ദിവസങ്ങളായി വിശന്നിരിക്കുകയാണ്, സങ്കടപ്പെട്ടിരിക്കുകയാണ്… ഞങ്ങളുടെ അമ്മമാര്‍ വീട്ടില്‍ ഇല്ലെങ്കി ഞങ്ങളെങ്ങനെ സ്‌കൂളില്‍ പോകും? സമാധാനമായി എങ്ങനെ പഠിക്കും? സന്തോഷത്തോടെ എങ്ങനെ ഭക്ഷണം കഴിക്കും? പേടിയില്ലാതെ എങ്ങനെ ഉറങ്ങും? അതുകൊണ്ട് നല്‍കാമെന്ന് ഏറ്റ ഭൂമി നല്‍കി സമരം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചു തരണം… ഞങ്ങളുടെ സങ്കടത്തിനൊപ്പം നിക്കണം.