ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നാലുവശവും ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിലുള്‍പ്പടെ പോസ്റ്റ് ചെയ്ത ദക്ഷിണകൊറിയൻ വ്ലോഗർ കെല്ലിയെ വാരണാസിയിൽ പോയി കണ്ടെത്തി കേരള പൊലീസ്. ക്ഷേത്രത്തിന്റെ 25മിനിറ്റുള്ള വീഡിയോയാണ് കെല്ലി ഷൂട്ട് ചെയ്തത്. ടീ ഷർട്ടും ജീൻസുമണിഞ്ഞ് ക്ഷേത്രത്തിന് തൊട്ടുമുന്നിൽ വരെയെത്തിയാണ് അവര്‍ വീഡിയോ എടുത്തത്.
ഫോണ്‍ ഉപയോഗത്തിനും വീഡിയോ ചിത്രീകരിക്കാനും നിയന്ത്രണമുള്ള മേഖലയിലാണ് കെല്ലി ആരുമറിയാതെ ദൃശ്യം പകർത്തിയത്. സുരക്ഷാമേഖലകളില്‍ ഡ്രോൺ പറത്തുന്നത് രണ്ടുവർഷം വരെ തടവും 10ലക്ഷം പിഴയും കിട്ടാവുന്ന കുറ്റമാണ്. ഡ്രോൺ ക്ഷേത്രത്തിനു മുകളിലൂടെ പറത്തിയെടുത്ത ദൃശ്യങ്ങളാണിതെന്നായിരുന്നു പൊലീസിന്‍റെ സംശയം. എന്നാൽ അവയെല്ലാം ഫോണിലെടുത്ത വീഡിയോയാണെന്നുെം ഡ്രോൺ ഉപയോഗിച്ചില്ലെന്നും ചോദ്യംചെയ്യലില്‍ കെല്ലി വെളിപ്പെടുത്തി.
കഴിഞ്ഞമാസം പത്താം തീയതി പൈങ്കുനി ഉത്സവത്തിനിടെയാണ് കെല്ലി ക്ഷേത്രത്തിന് ചുറ്റിലുമുള്ള ദൃശ്യം പകർത്തി സോഷ്യല്‍ മീഡിയയിലിട്ടത്. പത്മതീർത്ഥവും മറ്റ് നടകളുമെല്ലാം ചിത്രീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്ക് കഴിഞ്ഞ മാസമാണ് കെല്ലി എത്തിയത്. ഇവര്‍ ലുലുമാളിലും ബീച്ചുകളിലുമെത്തി ചിത്രീകരിച്ച പത്തിലധികം വ്ലോഗുകൾ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
14ലക്ഷം സബ്സ്ക്രൈബേഴ്സാണ് കെല്ലിക്കുള്ളത്. ലക്ഷക്കണക്കിന് പേരാണ് ഇവരെടുത്ത വിഡിയോ കണ്ടത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പൊലീസ് ഇവരെ തേടി എത്തിയത്.
എമിഗ്രേഷൻ വിഭാഗത്തിന്‍റെ സഹായത്തോടെയാണ് കെല്ലി വാരണാസിയിലുണ്ടെന്ന് കണ്ടെത്തിയത്. കെല്ലി ഇതുവരെ രാജ്യം വിട്ടിട്ടില്ല. കെല്ലിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കാര്യങ്ങള്‍ ചോദിച്ചറിയുക മാത്രമായിരുന്നുവെന്നും പൊലീസ് വിശദീകരിക്കുന്നു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് 3 കിലോമീറ്റർ ചുറ്റളവ് വരെ ഡ്രോൺ പറത്താൻ നിരോധനമുണ്ട്. അതാണ് കെല്ലിക്ക് വിനയായത്.