640 കണ്ടെയ്‌നറുകളുമായി പോയ ലൈബീരിയൻ ചരക്ക് കപ്പൽ ഞായറാഴ്ച പുലർച്ചെ കേരള തീരത്ത് മുങ്ങാന്‍ കാരണം ബല്ലാസ്റ്റ് ടാങ്കിന്റെ തകരാർ മൂലമാണെന്ന് വെളിപ്പെടുത്തി മറൈൻ മർക്കന്റൈൽ ഡിപ്പാർട്ട്‌മെന്റ്. എന്താണ് കപ്പലിലെ ബല്ലാസ്റ്റ് ടാങ്ക്?
ചരക്ക് കയറ്റുന്നതിന് അനുസരിച്ച് ഭാരം കുറച്ചും കൂട്ടിയും, ബാലൻസും താഴ്ചയും ക്രമീകരിക്കാനായി കപ്പലിന്‍റെ അടിത്തട്ടിലെ അറകളിൽ കടൽവെള്ളം കയറ്റുകയും പുറന്തള്ളുകയും ചെയ്യുന്ന പ്രക്രിയയാണ് ബല്ലാസ്റ്റിംഗ്. ഇതിനായി കപ്പലിന്‍റെ അടിത്തട്ടിൽ ജലം സംഭരിക്കുന്ന ടാങ്കുകളെയാണ് ബല്ലാസ്റ്റ് എന്ന് പറയപ്പെടുന്നത്.
അത്ര ശാന്തമല്ലാത്ത കടലിലൂടെ കപ്പല്‍ സഞ്ചരിക്കുമ്പോൾ സാഹചര്യത്തിന് അനുസൃതമായി ബല്ലാസ്റ്റിംഗ് ചെയ്യേണ്ടി വരും. അതാണ് അപകടങ്ങളെ തടയുന്നതും യാത്രക്കാരെ സുരക്ഷിതരാക്കുന്നതും. ലൈബീരിയൻ ചരക്ക് കപ്പല്‍ അപകടത്തില്‍, വലതുവശത്തെ ടാങ്കുകളില്‍ ഒരെണ്ണത്തിലേക്ക് അമിത അളവില്‍ വെള്ളം എത്തുകയും, കപ്പൽ ഒരുവശത്തേക്ക് ചരിഞ്ഞ് മുങ്ങുകയുമായിരുന്നുവെന്നാണ് മറൈൻ മർക്കന്റൈൽ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കുന്നത്.
കാലാവസ്ഥ മോശമായതിനാല്‍ ചെരിഞ്ഞ കപ്പലിനെ രക്ഷിക്കാനുള്ള ശ്രമം വിഫലമായി. ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ മാർഗനിർദ്ദേശങ്ങള്‍ പാലിച്ചാണ് കപ്പലുകളില്‍ ബല്ലാസ്റ്റ് ടാങ്ക് സെറ്റ് ചെയ്യുന്നത്. 27 വർഷം പഴക്കമുള്ള കപ്പലാണ് മുങ്ങിയത്. എല്ലാ രാജ്യാന്തര മാനദണ്ഡങ്ങളും പാലിച്ചാണ് കപ്പല്‍ സർവീസ് നടത്തിയിരുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
കപ്പലിന് രാജ്യാന്തര മാനദണ്ഡങ്ങൾ പ്രകാരമുള്ള അനുമതികളും ഇൻഷുറന്‍സുമുണ്ട്. മാനദണ്ഡങ്ങൾ അനുസരിച്ച് കപ്പൽ യാത്രായോഗ്യമാണോ എന്നതാണ് പരിശോധിക്കേണ്ടത്. പ്രധാനമായും ബല്ലാസ്റ്റ് മാനേജ്മെന്‍റ് സംവിധാനത്തിലെ തകരാർ തന്നെയാണ് അപകട കാരണം. 50 അടി താഴ്ചയിലാണ് കപ്പൽ കിടക്കുന്നത്.