സംസ്ഥാനത്ത് കാലവർഷം കനത്തതോടെ കൂടവിപണികളിൽ വലിയ തിരക്കാണ്. പല നിറത്തിലും വിധത്തിലുമുള്ള കുടകളുടെ മത്സരമാണ് കടകളിൽ. കാണാനുള്ള ഭംഗിയ്ക്കപ്പുറത്ത് ഗുണമേന്മയാണ് മുഖ്യമെന്ന് കരുതുന്നവരാണ് ഏറെയും.
കറുത്തിരുണ്ട ആകാശത്തിന് കീഴെ തെരുവിൽ പല നിറത്തിലുള്ള മേഘ തുണ്ടുകൾ പോലെ കൂടകൾ നീല നിറത്തിനു താഴെ മഴ കണ്ട് ചിരിക്കുന്നൊരു ചെറിയകുട്ടി, കുറുത്ത കൂടയ്ക്ക് താഴെ മഴയെ ശപിച്ചോടുന്നൊരു വീട്ടമ്മ. കുടയുടെ നിറത്തിലുണ്ട് മഴയോടുള്ള പല ഭാവങ്ങൾ.
കൂടയെന്നാൽ കറുത്ത തുണി വലിച്ചു കെട്ടിയ ശീലകുടയെന്ന കാലം എന്നേ കഴിഞ്ഞു, ആകർഷകമായ പരസ്യങ്ങളും പരസ്യവാചകങ്ങളുമൊക്കെയായി കൂട കമ്പനികൾ കുട്ടികളുടേയും മുതിർന്നവരുടേയും മനസിൽ എന്നോ സ്ഥാനം പിടിച്ചു കഴിഞ്ഞു. കുട്ടികൾക്ക് വേണ്ടി കാർട്ടൂൺ കുടകൾ തൊഴിലാളികൾക്ക് തൊപ്പി കൂടകൾ സ്ത്രീകളെ ലക്ഷ്യമിട്ട് കളർകൂടകളും പുരുഷൻമാർക്കായി കാലൻ കൂടകളും ചൈനയിൽ നിന്നെത്തുന്ന കളർഫുൾ കൂടകളും മലേഷ്യയിൽ നിന്നെത്തുന്ന ഭീമൻ കൂടകളും വിപണി പിടിക്കാനുണ്ട്. പക്ഷെ എന്തൊക്കെ വെറൈറ്റി ഉണ്ടെങ്കിലും ഇന്ത്യൻ കമ്പനികൾ നിർമ്മിച്ച കൂടകളുടെ തട്ട് താഴ്ന്നു തന്നെ ഇരിക്കുമെന്ന് വ്യാപാരികൾ.