cmfri-red-tide-study

TOPICS COVERED

തുടർച്ചയായ മൺസൂൺ മഴയിൽ കരയിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്കും പാരിസ്ഥിതിക വ്യതിയാനങ്ങളുമാണ് കേരളത്തിന്റെ തീരങ്ങളിൽ ചുവന്ന കടൽത്തിര (റെഡ് ടൈഡ്) പ്രതിഭാസത്തിന് കാരണമാകുന്നതെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). 

കനത്ത മൺസൂൺ നീരൊഴുക്ക് തീരക്കടലുകളെ പോഷകസമ്പുഷ്ടമാക്കുന്നു. ഇത് കാരണം നൊക്റ്റിലൂക്ക സിന്റിലാൻസ് എന്ന ഡൈനോഫ്‌ളാജെലേറ്റ് മൈക്രോ ആൽഗ പെരുകുന്നതിനാലാണ് (ബ്ലൂം) ഈ പ്രതിഭാസം പ്രകടമാകുന്നത്. തീരങ്ങളിൽ മാത്രമല്ല, കരയിൽ നിന്നും 40 കിലോമീറ്റർ ഉള്ളിൽ ഏകദേശം 40 മീറ്റർ ആഴമുള്ള കടലിലും ചുവന്നതിര പ്രതിഭാസമുണ്ടെന്ന്് സിഎംഎഫ്ആർഐയിലെ മറൈൻ ബയോഡൈവേഴ്‌സിറ്റി ആന്റ് എൺവയോൺമെന്റ് മാനേജ്‌മെന്റ് വിഭാഗം നടത്തിയ ഫീൽഡ് സർവേയിൽ കണ്ടെത്തി. രാത്രികാലങ്ങളിൽ ചുവന്നതിരകൾ കവര് (ബയോലൂമിനസ്സെൻസ്) എന്ന പ്രതിഭാസം പ്രകടമാക്കുന്നു. 

ഈ സൂക്ഷ്മ പ്ലവകങ്ങൾ വെള്ളത്തിന് ഓറഞ്ച് കലർന്ന ചുവപ്പ് നിറം നൽകുന്നു. ആഗസ്ത് ആദ്യം മുതൽ കൊയിലാണ്ടി, ചാവക്കാട്, എടക്കഴിയൂർ, നാട്ടിക, ഫോർട്ട് കൊച്ചി, പുത്തൻതോട്, പുറക്കാട്, പൊഴിക്കര എന്നിവയുൾപ്പെടെ നിരവധി ബീച്ചുകളിൽ നിന്ന് ബയോലൂമിനസെന്റ് റെഡ് ടൈഡുകൾ ദൃശ്യമായിരുന്നു. 

മത്സ്യസമ്പത്തിന് നേരിട്ട് ദോഷകരമാകുന്നതല്ല ഈ പ്രതിഭാസം. റെഡ് ടൈഡ് പ്രദേശങ്ങളിൽ ഓക്‌സിജന്റെ അളവ് കുറയുന്നതിനാൽ മീനുകൾ ഈ മേഖലയിൽ നിന്ന് ഒഴിഞ്ഞുമാറുന്നു. പലമീനുകളുടെയും ഭക്ഷണമായ ഡയാറ്റമുകൾ, ബാക്ടീരിയകൾ, മറ്റ് പ്ലവകങ്ങൾ തുടങ്ങിയവ ഈ ആൽഗകൾ ഭക്ഷിക്കുന്നതിനാൽ തീവ്രമായ ആൽഗൽ ബ്ലൂം ഉണ്ടാകുമ്പോൾ മീനുകളുടെ ഭക്ഷ്യലഭ്യതയെ സാരമായി ബാധിച്ചേക്കും. ഇത്തരം സാഹചര്യം മത്തി, അയല തുടങ്ങിയ ഉപരിതല മത്സ്യങ്ങളെ ബാധിക്കുമെന്ന് സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർ പറഞ്ഞു. 

ഇത്തരത്തിലുള്ള സാഹചര്യങ്ങൾ വിലയിരുത്താൻ, മഴക്കാലങ്ങളിൽ തീരദേശ ജലാശയങ്ങളിൽ പ്രത്യേകം നിരീക്ഷണം ആവശ്യമാണെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക സാഹചര്യങ്ങൾ ആൽഗൽ ബ്ലൂമിന്റെ ആവൃത്തിയും തീവ്രതയും കൂട്ടാൻ കാരണമായേക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ENGLISH SUMMARY:

Red Tide is occurring in Kerala's coasts due to heavy monsoon runoff and environmental changes, according to CMFRI. This leads to nutrient enrichment and blooms of Noctiluca Scintillans, though it doesn't directly harm fish populations but may affect their food availability.