മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരന്‍ എം.കെ സാനു തൊണ്ണൂറ്റിയെട്ടാം വയസില്‍ പുതിയ പുസ്തകം പുറത്തിറക്കാന്‍ ഒരുങ്ങുന്നു. കേരള ചരിത്രത്തിലെ വിസ്മരിക്കപ്പെട്ടുപോയ പെണ്‍പോരാളിയുടെ ജീവിതമാണ് അക്ഷരയാത്രയില്‍ സാനുമാഷ് അടയാളപ്പെടുത്തുന്നത്. ചരിത്രത്തെ ഒാര്‍മച്ചരടില്‍ കോര്‍ത്തെടുത്തു. കണ്‍മുന്നില്‍ അരനൂറ്റാണ്ട് മുന്‍പ് കാലത്തെ കാഴ്ച്ചകള്‍. അറിവിന്‍റെ ആകാശനീലിമയില്‍ നിന്ന് അക്ഷരപ്പൊട്ടുകള്‍ പറന്നുവന്നു. സാനുമാഷ് എഴുതി; " തപസ്വിനി അമ്മ: അബലകള്‍ക്ക് ശരണമായി ജീവിച്ച പുണ്യവതി." വാര്‍ദ്ധക്യത്തിന്‍റെ വല്ലായ്മയില്ലാതെ വാക്കിന്‍റെ ഒഴുക്ക്.
സഹോദരന്‍ അയ്യപ്പന്‍റെ സഹോദരിയും പൊതുപ്രവര്‍ത്തകയുമായിരുന്ന അഗതികളായ സ്ത്രീകള്‍ക്കായി അബല സദനം സ്ഥാപിച്ച തപസ്വിനി അമ്മയെക്കുറിച്ച് ഏറെയൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞാണ് ശാരീരിക അവശതകള്‍ മാറ്റിവച്ച് എം.കെ സാനു പുസ്തകത്തിന്‍റെ പണിപ്പുരയിലേയ്ക്ക് കടന്നത്. എഴുതാനിരിക്കുമ്പോള്‍ മാഷ്ക്ക് പ്രായം വെറും നമ്പറാണ്. പുതിയകാലത്തെ ഡിജിറ്റല്‍ എഴുത്തുശീലങ്ങളേക്കാള്‍ പേനയും പേപ്പറുമാണ് പഥ്യം.
പഴയ പുസ്തകങ്ങള്‍ ഒഴിവാക്കി അലമാര വൃത്തിയാക്കുന്നതിനിടെ മക്കള്‍ മാറ്റിവച്ച കുറിപ്പുകളും നോട്ട് ബുക്കുകളുമാണ് പുതിയ രചനയിലേയ്ക്ക് നയിച്ചത്. പുസ്തകം വൈകാതെ പുറത്തിറങ്ങും. ശ്രീനാരായണ ഗുരുവിന്‍റെ ശിഷ്യന്‍ ആനന്ദതീര്‍ഥ സ്വാമികളുടെ ജീവിതം എഴുതണമെന്ന ആഗ്രഹം സാനുമാഷിന്‍റെ മനസിലുണ്ട്.