ശരീരം തളര്‍ന്നെങ്കിലും തളരാത്ത മനസ്സോടെ ജീവിച്ചു കാണിക്കുകയാണ് കോഴിക്കോട് മുക്കത്തെ ഭിന്നശേഷിക്കാരായ മൂന്നുപേര്‍.  വിധിക്ക് മുന്‍പില്‍ കീഴടങ്ങി മറ്റുള്ളവരുടെ മുന്‍പില്‍ യാചിച്ചു ജീവിതം തീര്‍ക്കുന്ന പലരുമുണ്ട്. പക്ഷേ ഈ സംഘത്തിന്‍റെ ശരീരം മാത്രമേ തളര്‍ന്നിട്ടുള്ളൂ. എന്തും ചെയ്യാന്‍ പറ്റുന്ന തളരാത്ത മനസ്സുണ്ടെന്ന് കാണിച്ചുതരികയാണ് ഇവര്‍. 

വര്‍ഷങ്ങളായി വീല്‍ചെയറില്‍ ജീവിതം മുന്‍പോട്ട് പോകുമ്പോള്‍ അശോക് കുമാര്‍, രതീഷ് വെളിമണ്ണ, ഷെമീര്‍ ചേന്നമംഗലം എന്നിവരുടെ മനസ്സില്‍ തോന്നിയ ചെറിയ ആശയമാണ് ഈ സംരഭം. നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി കൂടിയ മറ്റു ഭിന്നശേഷിക്കാരെ കൂടി ഒരുമിപ്പിച്ച് ഒരു ടീമായി കുടനിര്‍മാണം വ്യാപകമാക്കാന്‍ തീരുമാനിച്ചത്. കുടയോടൊപ്പം പേപ്പര്‍ പേനകളും നിര്‍മിക്കുന്നുണ്ട്. മലയോര മേഖലയിലെ മുക്കം, കൂടര‍ഞ്ഞി, കാരശ്ശേരി, ഓമശ്ശേരി തുടങ്ങിയ പഞ്ചായത്തുകളിലെ ആളുകള്‍ ആണ് നിലവില്‍ സംരഭത്തിലെ അംഗങ്ങള്‍. വരും വര്‍ഷങ്ങളില്‍ ഒരുപാട് ആളുകളെ ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ സാധിക്കും എന്നാണ് ഷമീര്‍ പറയുന്നത്. 

250 രൂപ മുതല്‍ 600 രൂപവരെയാണ് ഇവരുടെ കുടകളുടെ വില. ഇന്ത്യയില്‍ എവിടെ വേണമെങ്കിലും കൊറിയര്‍ ചെയ്തു നല്‍കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കുടയ്ക്കാവശ്യമായ മെറ്റീരിയലുകള്‍  കോഴിക്കോട് നിന്നാണ് ശേഖരിക്കുന്നത്. നിര്‍മാണം അവരവരുടെ സ്ഥലത്തു നിന്നുതന്നെയാണ് ചെയ്യുക. 

ഗ്രൂപ്പിലെ ഓരോരുത്തര്‍ക്കും പ്രത്യേകം ജോലികള്‍ തിരിച്ചു നല്‍കിയിട്ടുണ്ട്. ഫോണ്‍ കോളുകള്‍ എടുക്കുന്നത്, മാര്‍ക്കറ്റിംഗ്, കൊറിയര്‍ എന്നിവയെല്ലാം  കൈകാര്യം ചെയ്യുന്നത് ഇവര്‍ തന്നെയാണ്. മറ്റൊരു ജോലിയും ചെയ്യാനാവാതെ വീല്‍ ചെയറില്‍ ഇരുന്നുകൊണ്ട് നിര്‍മിച്ച കുടകള്‍ ആണ് ഇത്. നിലവില്‍ മഴക്കാലത്തു മാത്രമാണ് ഇതിലൂടെ എന്തെങ്കിലും വരുമാനം ലഭിക്കുന്നത്. ഇവരുടെ തളരാത്ത മനസ്സിന് ഒരു പിന്തുണയായി കുട വാങ്ങാന്‍ താല്പര്യമുള്ളവര്‍ക്ക് ഈ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. – 9645861751