green-house-case

TOPICS COVERED

സഹോദരിയെ മര്‍ദിച്ചതിനും വീട്ടുകാരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനും ഗ്രീൻ ഹൗസ് ക്ളീനിംഗ് എന്ന യൂട്യൂബ് ചാനലിലൂടെ വൈറലായ ആലപ്പുഴക്കാരന്‍ രോഹിതിനെതിരെ കേസെടുത്തിരുന്നു. സഹോദരിയുടെയും അമ്മയുടെയും പരാതിയിലാണ് ആലപ്പുഴ വനിതാ പൊലീസ് കേസെടുത്തത്.സഹോദരിയെ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നും സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചു എന്നുമാണ് പരാതിയില്‍ പറയുന്നത്. സഹോദരിയെയും അമ്മയെയും അപമാനിച്ച് വീഡിയോ പ്രചരിപ്പിച്ചതായും പരാതിയുണ്ട്.

സഹോദരിയെ രോഹിത്ത് ആക്രമിച്ചുവെന്നാണ് പരാതി. ഇയാള്‍ സഹോദരിയുടെ കരണത്തടിച്ചെന്നും മുടിക്കുത്തിന് പിടിച്ചെന്നും കഴുത്തില്‍ പിടിച്ച് ഞെക്കിയെന്നും പരാതിയില്‍ പറയുന്നു. രോഹിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സഹോദരിയെ രോഹിത്ത് മര്‍ദിക്കുന്ന വിഡിയോ ഉള്‍പ്പെടെ വീട്ടുകാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

ഏപ്രില്‍ മൂന്നിനാണ് രോഹിത്ത് സഹോദരിയെ മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. സഹോദരിയുടെ പേരിലുള്ള സ്വര്‍ണം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വലിയ കുടുംബപ്രശ്‌നത്തിലേക്കും മര്‍ദനത്തിലേക്കും നയിച്ചത്. പിന്നീട് രോഹിത്തും ഭാര്യയും അമ്മയ്ക്കും സഹോദരിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന വിഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് സൈബര്‍ ഇടത്തില്‍ വലിയ ചര്‍ച്ചയായതോടെ തങ്ങളുടെ ഭാഗം പറഞ്ഞ് വീട്ടുകാരും രംഗത്തെത്തി. വീടും പരിസരവും മറ്റും വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട ഒരു കമ്പനിയും ഇയാള്‍ നടത്തുന്നുണ്ട്. ക്ലീനിങ്ങുമായി ബന്ധപ്പെട്ട വിഡിയോകളാണ് ഇയാള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്യാറുള്ളത്.

ഇപ്പോഴിതാ വിഷയത്തില്‍ വീണ്ടും വിഡിയോയുമായി രംഗത്ത് എത്തിയിരിക്കുകയാണ് രോഹിത്. ആണുങ്ങള്‍ക്കുള്ളതാണ് ജയില്‍ എന്നും നെഞ്ചും വിരിച്ച് അങ്ങ് പോകാമെന്നുമാണ് രോഹിത് പറയുന്നത്. തന്‍റെ വീട്ടുകാര്‍ക്ക് കേസുമായി പോകാനാണ് താല്‍പര്യമെന്നും ജയിലില്‍ പോകുമ്പോള്‍ എല്ലാവരെയും അറിയിക്കാമെന്നും രോഹിത് പറയുന്നു. താന്‍ ഉപദ്രവിച്ചിട്ട് എവിടെയാണ് പരിക്ക് എന്നും അതിന്‍റെ രേഖ കാണിക്കണമെന്നും ഇത്രയും കാലം അന്നം തന്ന സഹോദരനാണെന്ന് മറക്കരുതെന്നും വിഡിയോയില്‍ രോഹിത് പറയുന്നു.

ENGLISH SUMMARY:

Alappuzha native Rohith, who runs the YouTube channel Green House Cleaning and is known online as ‘Prashnesh,’ has landed in legal trouble after allegedly assaulting his sister and insulting his family on social media. The Alappuzha Women Police registered a case based on complaints from his sister and mother, accusing him of physical assault and online defamation. The controversy gained further attention after a new video of Rohith went viral, in which he is seen stating, “Jail is for men; we go with our chest out,” stirring further backlash.