TOPICS COVERED

ബീഫ് ഫ്രൈയും പൊറോട്ടയും ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ഗ്രേവി സൗജന്യമായി നല്‍കിയില്ലെന്ന പരാതി നിലനില്‍ക്കുന്നതല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ബീഫ് ഫ്രൈയും പൊറോട്ടയും ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഗ്രേവി നല്‍കിയില്ലെന്ന പരാതിയുമായി എറണാകുളം സ്വദേശി ഷിബു എസാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. കോലഞ്ചേരി പത്താം മൈലിലെ ‘ദി പേര്‍ഷ്യന്‍ ടേബിള്‍’ എന്ന റെസ്റ്റോറന്റിന് എതിരെയാണ് പരാതി നല്‍കിയത്.

പരാതിക്കാരനും സുഹൃത്തും 2024 നവംബര്‍ മാസത്തിലാണ് റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയത്. ബീഫ് ഫ്രൈയും പൊറോട്ടയും ഓര്‍ഡര്‍ നല്‍കി. ഭക്ഷണത്തോടൊപ്പം ഗ്രേവി ആവശ്യപ്പെട്ടെങ്കിലും നല്‍കാനാവില്ലെന്ന് ഹോട്ടലുടമ അറിയിച്ചു. തുടര്‍ന്നാണ് കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പരാതി നല്‍കിയത്. ാലൂക്ക് സപ്ലൈ ഓഫീസറും, ഫുഡ് സേഫ്റ്റി ഓഫീസറും അന്വേഷണം നടത്തുകയും ഗ്രേവി കൊടുക്കുക എന്നത് സ്ഥാപനത്തിന്റെ പോളിസിയിലില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് പരാതിക്കാരന്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

ഭക്ഷണത്തിന്റെ ഗുണമേന്മ, അളവ്, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് പരാതിയില്ല. ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തോടൊപ്പം ഗ്രേവി ലഭ്യമാക്കിയില്ല എന്നതാണ് പരാതിക്കാരന്‍ ഉന്നയിച്ചത്. എന്നാല്‍ സൗജന്യമായി ഗ്രേവി ലഭ്യമാക്കാമെന്ന് റെസ്റ്റോറന്റ് വാഗ്ദാനം നല്‍കുകയോ അതിനായി പണം ഈടാക്കുകയോ ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമം – സെക്ഷന്‍ 2(11) അനുസരിച്ച് സേവനത്തിലെ ന്യൂനത എന്നാല്‍, നിലവിലുള്ള ഏതെങ്കിലും നിയമ പ്രകാരമോ അല്ലെങ്കില്‍ എതിര്‍ കക്ഷിയുടെ വാഗ്ദാന പ്രകാരമോ നിഷ്‌കര്‍ഷിച്ചിട്ടുള്ള സേവനങ്ങളുടെ ഗുണമേന്മ, അളവ്, സുരക്ഷ എന്നിവയില്‍ സംഭവിച്ചിട്ടുള്ള ന്യൂനതയാണെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി. അതിനാല്‍, പൊറട്ടയും ബീഫ് നല്‍കുമ്പോള്‍ ഗ്രേവി സൗജന്യമായി നല്‍കാത്തത് സേവന ന്യൂനതയായി പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ENGLISH SUMMARY:

The Ernakulam District Consumer Disputes Redressal Forum has ruled that there is no violation in not providing free gravy along with an order of beef fry and parotta. Shibu S. from Ernakulam had filed a complaint against the restaurant The Persian Table at Kolanchery Tenth Mile, alleging that gravy was not served free with his order. However, the consumer court stated that this issue does not fall under its jurisdiction and thus it cannot intervene.