ചാരവൃത്തി കേസിൽ അറസ്റ്റിലായ യുട്യൂബ് വ്ലോഗർ ജ്യോതി മൽഹോത്ര കേരള സന്ദർശിച്ചതിനെപ്പറ്റി ട്രാവൽ വിത്ത് ജോ എന്ന തന്റെ വ്ലോഗിലൂടെ നിരവധി വിഡിയോകൾ പങ്കുവച്ചിട്ടുണ്ട്. കേരളത്തെപ്പറ്റി ആദ്യം ചെയ്ത വ്ലോഗ് 2023ലാണ്. 2023 ഓഗസ്റ്റിൽ തിരുവനന്തപുരത്ത് എത്തി മടങ്ങിയ ജ്യോതി, പിറ്റേമാസം വീണ്ടുമെത്തി. കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയിൽ പങ്കെടുക്കാനായിരുന്നു രണ്ടാം സന്ദർശനം. യാത്രയ്ക്കിടയിൽ അന്നു കേന്ദ്രമന്ത്രിയായിരുന്ന വി.മുരളീധരൻ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായങ്ങൾ തേടുകയും ചെയ്തു.
യുട്യൂബിൽ 3 ലക്ഷത്തിലധികം പേർ പിന്തുടരുന്ന ജ്യോതിയുടെ കേരളത്തിൽനിന്നുള്ള വിഡിയോകളിൽ അരമണിക്കൂറിലേറെ ദൈർഘ്യമുള്ള കൊച്ചി യാത്രാനുഭവമാണു പ്രധാനം. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, ചരിത്രസ്മാരകങ്ങൾ എന്നിവ പരാമർശിച്ച ശേഷമാണു ഷിപ്‌യാഡ‍് കാണിക്കുന്നത്. കൊച്ചിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ, ഷോപ്പിങ് മാളുകൾ, മെട്രോ സ്റ്റേഷനുകൾ, വാട്ടർ മെട്രോ എന്നിവിടങ്ങളിൽനിന്നും ദൃശ്യങ്ങൾ പകർത്തി. മൂന്നാർ, തൃശൂർ കുത്താമ്പുള്ളി നെയ്ത്തുഗ്രാമം, കണ്ണൂരിലെയും കോഴിക്കോട്ടെയും വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലും എത്തിയതിന്റെ ദൃശ്യങ്ങൾ വ്ലോഗുകളിൽ കണ്ടെത്തി.
പാക്ക് ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി ബന്ധം പുലർത്തിയെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ കൈമാറിയെന്നും കണ്ടെത്തിയാണു ഹരിയാന സ്വദേശി ജ്യോതിയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്