വികസന നേട്ടങ്ങളും കൗതുകവും സാഹസികതയും നിറയുന്ന മേളക്കാഴ്ച. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ അറിവും ആവേശവും നിറയ്ക്കുന്ന ഇടങ്ങള്‍ ഒന്നിനൊന്ന് മികവറിയിക്കും. സര്‍ക്കാരിന്‍റെ നാലാം വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിച്ച മേളയിലേക്ക് സന്ദര്‍ശകരുടെ തിരക്കേറുകയാണ്.
മതിലുകള്‍ തീര്‍ക്കുന്ന മറയില്‍ കഴിഞ്ഞ് പിഴവുകളൊഴിഞ്ഞ് സ്വയം നവീകരിക്കേണ്ടവര്‍. തടവറയില്‍ ഓരോ ദിവസവും അനുഭവ പാഠം. ജയിലിനെക്കുറിച്ച് അറിയേണ്ടതെല്ലാം ചിട്ടയോടെ. ജയില്‍ അന്തേവാസികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത മട്ടില്‍ വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിച്ചേര്‍ത്ത മതിലുകളുടെ പുനരാഖ്യാനം ജയില്‍ ജീവനക്കാരുടെ അഭിനയ മികവിലും കാണാം.
ഉരുളെടുത്ത ഇടങ്ങളായ ചൂരല്‍മലയും മുണ്ടക്കൈയും നിരവധി സേനകളുട രക്ഷാപ്രവര്‍ത്തനത്തിന് സാക്ഷിയായ മണ്ണാണ്. അന്നുണ്ടായ കരുതല്‍ അനുഭവങ്ങള്‍ അതേ മട്ടില്‍ പുനരാവിഷ്കരിച്ച് അഗ്നിശമനസേന. പ്രദര്‍ശന വഴികളിലൂടെ സഞ്ചരിച്ച് മനസ് നിറയ്ക്കുന്ന കലാപരിപാടികളും ആസ്വദിക്കാം. മേളയിലെ കാഴ്ച കണ്ട് അട്ടപ്പാടിയിലേത് ഉള്‍പ്പെടെ കേരളത്തിന്‍റെ തനത് രുചിക്കൂട്ടുകള്‍ നിറയുന്ന സ്വാദ് നിറച്ച് മടങ്ങാം.