• കല്യാണിയെ അങ്കണവാടിയില്‍ നിന്ന് കൊണ്ടുപോയത് നാലുമണിയോടെ
  • ആറുമണിയോടെ കുഞ്ഞിനെ പുഴയിലേക്ക് വലിച്ചെറിഞ്ഞു?
  • മൃതദേഹം കണ്ടെത്തിയത് എട്ടര മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍

എട്ടര മണിക്കൂറോളം നാടിനെ ഉദ്വേഗമുനയില്‍ നിര്‍ത്തിയ, പിഞ്ചോമനയെ പുഴയിലേക്ക് വലിച്ചെറിഞ്ഞ് കൊന്ന ക്രൂരതയ്ക്ക് പിന്നിലെ കാരണം തേടി പൊലീസ്. ആലുവ മൂഴിക്കുളം പാലത്തിനടിയില്‍ നിന്നും മൂന്നര വയസുകാരി കല്യാണിയുടെ മൃതദേഹം കണ്ടെടുത്തതിന്‍റെ നടുക്കം നാട്ടുകാര്‍ക്കും വിട്ടുമാറിയിട്ടില്ല. മറ്റക്കുഴി സ്വദേശിയായ സുഭാഷിന്‍റെ ഭാര്യ സന്ധ്യയാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്നത്. ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് സന്ധ്യ കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്നതെന്നും മാനസികമായി വെല്ലുവിളി നേരിടുന്നയാളാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. സന്ധ്യയ്​ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

അങ്കണവാടിയില്‍ നിന്ന് വിളിച്ചുകൊണ്ടുപോയത് മരണത്തിലേക്ക്...

വൈകുന്നേരം നാലുമണിയോടെ മറ്റക്കുഴിയിലെ അങ്കണവാടിയിലെത്തി സന്ധ്യ തന്നെയാണ് കുട്ടിയെ കൂട്ടിക്കൊണ്ട് പോന്നത്. മറ്റക്കുഴിയില്‍ നിന്ന് ഓട്ടോയില്‍ കയറി തിരുവാങ്കുളത്തെത്തിയ ഇവര്‍ അവിടെ നിന്നും ആലുവ ബസില്‍ കയറി. ബസില്‍ വച്ച് കുട്ടിയെ കാണാതെയായി എന്നായിരുന്നു സന്ധ്യയുടെ ആദ്യ മൊഴി. ഇതനുസരിച്ച് ആലുവ മുഴുവന്‍ പൊലീസ് അരിച്ചു പെറുക്കി. കുഞ്ഞിനെ പക്ഷേ കണ്ടെത്താനായില്ല. ഇതിന് പിന്നാലെയാണ് മൂഴിക്കുളം പാലത്തില്‍ നിന്ന് താന്‍ കുഞ്ഞിനെ താഴേക്കിട്ടെന്ന വെളിപ്പെടുത്തല്‍ വന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് മൂഴിക്കുളം പാലത്തിലേക്ക് കുഞ്ഞുമായി സന്ധ്യ പോകുന്നത് സ്ഥിരീകരിച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍. ഇതിനിടയില്‍ കുടുംബ പ്രശ്നങ്ങള്‍ സന്ധ്യയ്ക്കുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തിയതോടെ കേസില്‍ ദുരൂഹതയുമേറി. വിശദമായി പൊലീസ് ചോദ്യം ചെയ്തതോടെ സന്ധ്യ കുറ്റം സമ്മതിച്ചു. വൈകിട്ട് ആറുമണിയോടെയാണ് സന്ധ്യ കുഞ്ഞിനെ പാലത്തില്‍ നിന്നും താഴേക്കെറിഞ്ഞത്. 

കുഞ്ഞെവിടെയെന്ന് അമ്മ; ബസില്‍ വച്ച് കാണാതെ പോയെന്ന് സന്ധ്യ

അങ്കണവാടിയില്‍ നിന്ന് വിളിച്ചു കൊണ്ടുവന്ന മകളുമായി മറ്റക്കുഴിയിലെ  വീട്ടിലേക്ക് പോകാതെ സന്ധ്യ പോയത് ആലുവയിലേക്കാണ്. കുറുമശേരിയിലാണ് സന്ധ്യയുടെ വീട്. ഇവിടേക്ക് പോകുന്ന വിവരം ആരോടും പറഞ്ഞിരുന്നതുമില്ല. ആറുമണിയോടെ കുഞ്ഞിനെ പാലത്തില്‍ നിന്നും പുഴയിലേക്കെറിഞ്ഞ സന്ധ്യ വീട്ടിലെത്തി അവിടെ ഇരുന്നു. ഏഴുമണിയോടെ സന്ധ്യയുടെ അമ്മ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞെവിടെ എന്ന് തിരക്കി. ഇതോടെയാണ് കുഞ്ഞിനെ ആലുവയില്‍ വച്ച് കാണാതെ പോയെന്ന് പറയുന്നത്. അമ്മയും ബന്ധുക്കളും ആവര്‍ത്തിച്ച് ചോദിച്ചതോടെ സന്ധ്യ പരസ്പര വിരുദ്ധമായി സംസാരിക്കാന്‍ തുടങ്ങി. ഇതോടെ വീട്ടുകാര്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സന്ധ്യയ്ക്ക് മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലിലും അന്വേഷണം നടക്കുകയാണ്. 

ENGLISH SUMMARY:

In a heart-wrenching incident that shook Aluva, a mother threw her three-year-old daughter Kalyani into the river from the Moozhikkulam bridge. The accused, Sandhya from Mattakkuzhi, allegedly committed the act due to domestic abuse faced at her husband’s home. Police are now investigating the role of family tensions and her reported mental health issues. CCTV footage confirmed Sandhya’s presence at the bridge with the child. After initially misleading the police, she confessed during interrogation. The case continues to unfold with disturbing revelations.