രാവിലെ നടക്കാന്‍ ഇറങ്ങുമ്പോള്‍ കണ്ടുമുട്ടുന്ന കുറച്ചുപേര്‍ ചേര്‍ന്ന് പാട്ടിന്‍റെ ചങ്ങാതിക്കൂട്ടായ്മ ഒരുക്കി. ആഴ്ച്ചയില്‍ ഒരു ദിവസം കായലോരത്ത് മുടങ്ങാതെ ഒത്തുകൂടുന്നു. അവിടെ ആര്‍ക്കും പാടാം. ശരീരവും മനസും ഒരുപോലെ ആരോഗ്യ പൂര്‍ണമാക്കുന്നതാണ് വോക്മേറ്റ്സിന്‍റെ പ്രഭാതങ്ങള്‍.
ആരോഗ്യസംരക്ഷണത്തിന് അല്‍പം നടത്തം. ഒപ്പം, മനസിന്‍റെ ആനന്ദത്തിന് സംഗീതവും. രാവിലെ ഇങ്ങിനെ ഒരു തുടക്കം ശരിക്കും കളര്‍ഫുളാണ്. വോക്മേറ്റ്സ് എന്ന കൂട്ടായ്മ അങ്ങിനെ പാട്ടുപാടി നടക്കുന്നവരുടെയാണ്. നടത്തം ഹാപ്പി ഹോര്‍മോണുകള്‍ ശരീരത്തിലേയ്ക്ക് റിലീസ് ചെയ്യുന്നു. പാട്ട് മനസിന്‍റെ മൂഡ് സെറ്റ് ചെയ്യുന്നു. നടക്കുക... പാടുക. വോക്മേറ്റ്സിന്‍റെ റൂള്‍ ഇത് മാത്രം. മുടങ്ങാതെ നടക്കാന്‍ ഇറങ്ങുന്ന നാല്‍പ്പത്തി മൂന്ന് പേര്‍. ശനിയാഴ്ച്ചകളില്‍ ഇവര്‍ക്കൊപ്പം പാട്ടും കൂട്ടിനെത്തും.
ചാത്യാത്ത് റോഡിലെ ക്വീന്‍സ് വോക്‌വേയില്‍ രാവിലെ 4.30ന് തുടങ്ങുന്ന നടത്തം. 6.30 ഓടെ ശനിയാഴ്ച്ചകളില്‍ തറവാട്ടില്‍ ഒത്തുകൂടും. ഐ ലൗ കൊച്ചി എന്ന ബോര്‍ഡിന്‍റെ പരിസരത്തെ തറവാട് എന്ന് സ്നേഹത്തോടെ വിളിക്കുന്നത്. ഏഴേകാല്‍വരെ പിന്നെ പാട്ടിന്‍റെ വഴിയേ.
പതിനഞ്ച് വര്‍ഷം മുന്‍പാണ് ഈ നല്ലനടപ്പ് തുടങ്ങിയത്. പാട്ടിനോടുള്ള പ്രണയം കൂട്ടായ്മയായി മാറി. സംഗീതത്തോട് ആഗ്രഹമുള്ളവര്‍ മനസുതുറന്ന് പാടും. 38കാരന്‍ മുതല്‍ 79 കാരന്‍വരെ കൂട്ടത്തിലുണ്ട്. പാട്ടിന്‍റെ ചരടുകൊണ്ട് കെട്ടിയ കൂട്ട് ഇപ്പോള്‍ കുടുംബസംഗമവും സന്നദ്ധപ്രവര്‍ത്തനവുമൊക്കെയായി വളര്‍ന്നു. ഏഴംഗ എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് സംഘടനയുടെ നേതൃത്വം. പാട്ട് തുടരുന്നു. വോക്മേറ്റ്സിന്‍റെ നടത്തവും.