കൊല്ലത്ത് പ്രധാനമന്ത്രി തൊഴില്‍ ദായക പദ്ധതി വായ്പയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയതായി പരാതി. ഈടില്ലാതെ പത്തു ലക്ഷം രൂപവരെ ലഭിക്കുമെന്നു വാഗ്ദാനം ചെയ്തു പത്തു പേരടങ്ങുന്ന ഓരോ ഗ്രൂപ്പില്‍ നിന്നും തട്ടിച്ചെടുത്തത് അഞ്ചു ലക്ഷം രൂപ വീതം. പൊലീസില്‍ പരാതി നല്‍കിയെങ്കിലും തുടര്‍നടപടി ഉണ്ടാകുന്നില്ലെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.
58 കാരിയായ പ്രസന്നകുമാരി സാമ്പത്തിക പ്രയാസത്തില്‍ നില്‍ക്കുമ്പോഴാണ് പിഎംഇജിപി പദ്ധതി പ്രകാരം ഈടില്ലാതെ വായ്പ ലഭിക്കുമെന്നു കാട്ടി സമീപിച്ചത്. ഗള്‍ഫില്‍ വീട്ടുജോലി ചെയ്യുകയായിരുന്ന ഇവര്‍ വീല്‍ചെയറിലായ അമ്മയെ പരിചരിക്കുന്നതിനാണ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത്. വരുമാനത്തിനായി സ്വയം തൊഴില്‍ എന്ന ലക്ഷ്യത്തിനെയാണ് ഇവര്‍ മുതലെടുത്തത്.
ലോണിനായി മുദ്രപത്രത്തില്‍ അടക്കം ഒപ്പിട്ടു വാങ്ങി. കൊല്ലത്തെ സഹകരണ ബാങ്കില്‍ അക്കൗണ്ടും എടുപ്പിച്ചു. പിന്നീട് പലകാരണങ്ങള്‍ പറഞ്ഞ് ഓരോ ആളില്‍ നിന്നും 50000 രൂപ വരെ വാങ്ങിയെടുത്തു. വായ്പ ലഭിക്കണമെങ്കില്‍ കൂടുതല്‍ ആള്‍ക്കാരെ ചേര്‍ക്കണമെന്നാവശ്യപ്പെട്ടു. അവരില്‍ നിന്നും തട്ടിപ്പുകാര്‍ പണം തട്ടിയെടുത്തു.