സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് തലവേദനയായി പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾക്കിടയിലെ വിഭാഗീയത. ഡി.സി.സി പ്രസിഡന്റിനെതിരെ കോട്ടായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം ചേർന്നതോടെ നേതൃത്വം കൂടുതൽ വെട്ടിലായി.
ജില്ലാ നേതൃത്വത്തിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് 14 പ്രവർത്തകര്‍ കോൺഗ്രസില്‍ നിന്നും രാജിവച്ചത് കഴിഞ്ഞ മാസം അവസാനത്തിലാണ്. പിന്നാലെയാണ് 500 ഓളം പ്രവർത്തകരെ അണിനിരത്തി കോട്ടായിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം ചേർന്നത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ കോട്ടായിലെ ചില നേതാക്കൾക്കെതിരെ പാലക്കാട് ഡിസിസിക്ക് പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നാണ് പുതിയ പരാതി.
കോട്ടായി മണ്ഡലം കമ്മിറ്റി നൽകിയ പരാതി ഡിസിസി പ്രസിഡന്റ് അവഗണിച്ചെന്നും നേതൃത്വം ഗ്രൂപ്പ് നേതാക്കളെ മാത്രം സംരക്ഷിക്കുന്നുവെന്നും ആരോപിച്ചു മണ്ഡലം കമ്മിറ്റി പ്രസിഡൻറ് കെ.മോഹൻകുമാർ രംഗത്തെത്തി. നിർണായക തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ നേതൃത്വത്തിലെ കല്ലുകടി സംസ്ഥാന നേതൃത്വത്തിനു മുന്നിൽ തലവേദനയുണ്ടാക്കുന്നുണ്ട്.