metro

TOPICS COVERED

സംസ്ഥാനത്തെ വികസനത്തിന്‍റെ  മെട്രോ വേഗത്തിന് മികച്ച ഉദാഹരണമാണ് കൊച്ചി മെട്രോ റെയില്‍. വ്യവസായ നഗരത്തിലെ യാത്ര സുഖമമാക്കിയതില്‍ മെട്രോ റെയിലിന്‍റെ പങ്ക് വലുതാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ വികസന ട്രാക്കിലൂടെ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടനിര്‍മാണം പുരോഗമിക്കുകയാണ്.‌

2017ല്‍ തുടങ്ങിയതാണീ കുതിപ്പ്. കൊച്ചി നഗരത്തേയും, മെട്രോപൊളിറ്റിന്‍ മേഖലയെയും സേവിക്കുന്ന ദ്രുത ഗതാഗത സംവിധാനം. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തികരിച്ച മെ‍ട്രോ പദ്ധതികളില്‍ ഒന്ന്. റെയില്‍, റോഡ്, ജലഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മെട്രോ പദ്ധതികൂടിയാണ് കൊച്ചിയിലെത്. ആളുകള്‍ യഥേഷ്ടം ഉപയോഗിക്കുന്നത്.

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം അതിവേഗം പുരോഗമിക്കുകയാണ്. പാലാരിവട്ടം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയാണ് രണ്ടാം ഘട്ടം. 358 പൈലുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. കളമശേരിയിലെ 8.85 ഹെക്ടര്‍ സ്ഥലത്തെ കാസ്റ്റിങ് യാര്‍ഡില്‍ പിയര്‍ക്യാപ് മുതലുള്ള സൂപ്പര്‍ സ്ട്രക്ച്ചര്‍ ഘടകഭാഗങ്ങളുടെ നിര്‍മാണവും പുരോഗമിക്കുന്നു.

1957 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. 11.2 കിലോമീറ്ററാണ് പാത. ചെമ്പുമുക്ക്, വാഴക്കാല, പടമുകള്‍, കാക്കനാട് ജംങ്ഷന്‍, കൊച്ചിന്‍ സെസ്, ചിറ്റേത്തുകര,  കിന്‍ഫ്ര, ഇന്‍ഫോ പാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി എന്നിവിടങ്ങളിലാണ് സ്റ്റേഷനുകള്‍.

മെട്രോ അങ്കമാലിയിലെയ്ക്ക് നീട്ടാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തെ ബന്ധിപ്പിച്ചാണിത്. വിശദപദ്ധതിരേഖ തയാറാക്കുന്നതിനുള്ള കണ്‍സള്‍ട്ടന്‍സിയെ ഉടന്‍ പ്രഖ്യാപിക്കും. ലഭിച്ച ടെന്‍ണ്ടറുകള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറി.