behera-tvm-metro

തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ ഡിപിആര്‍ ഒന്നരമാസത്തില്‍ തയാറാകുമെന്ന് കെ.എം.ആര്‍.എല്‍ എം.ഡി ലോക്‌നാഥ് ബെഹ്റ മനോരമ ന്യൂസിനോട്. റിപ്പോര്‍ട്ട് ക്യാബിനറ്റിന് സമര്‍പ്പിക്കുമെന്നും തുടര്‍ന്ന് അനുമതിക്കായി കേന്ദ്രത്തിന് നല്‍കുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. നടപടി പൂര്‍ത്തിയാക്കാന്‍ ആറുമാസം വേണം. 31 കിലോമീറ്റര്‍ എലിവേറ്റഡ് ലൈറ്റ് മെട്രോ പദ്ധതിക്ക് ചെലവ് 8000 കോടിയെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോയുടെ ഇന്‍ഫോപാര്‍ക്ക് ഫേസ് 2026 ല്‍ പൂര്‍ത്തിയാകുമെന്നും ടെന്‍ഡറുകളെല്ലാം നല്‍കിയെന്നും ബെഹ്റ വ്യക്തമാക്കി.

ടെക്നോപാര്‍ക്ക്, വിമാനത്താവളം, റെയില്‍വേസ്റ്റേഷന്‍, സെക്രട്ടറിയേറ്റ്... തുടങ്ങിയ സുപ്രധാന ലാന്‍ഡ്മാര്‍ക്കുകളെ ബന്ധിപ്പിച്ചാണ് തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാവുക. 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആദ്യ ഘട്ട അലൈന്‍മെന്‍റിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. അത് അടിസ്ഥാനമാക്കിയുള്ള വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍മാണച്ചുമതലയുള്ള കൊച്ചിന്‍ മെട്രോ റെയില്‍ ലിമിറ്റഡിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് മുമ്പാണ് തിരുവനന്തപുരം നഗരത്തിന്‍റെ മുഖഛായ മാറ്റുന്ന ലൈറ്റ് മെട്രോ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെന്‍റ് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പാപ്പനംകോട് നിന്ന് ആരംഭിച്ച് പാളയം, ശ്രീകാര്യം, കഴക്കൂട്ടം, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കുന്നതാണ് 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആദ്യ ഘട്ടത്തിന്‍റെ അലൈന്‍മെന്‍റ്. ടെക്നോപാര്‍ക്കിന്‍റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ്റ്റാന്‍റ്, റെയില്‍വേ സ്റ്റേഷന്‍, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളജ് തുടങ്ങിയ സുപ്രധാന കേന്ദ്രങ്ങളെയെല്ലാം ബന്ധിപ്പിക്കുന്നതാണ് ആദ്യ ഘട്ടം.

27 സ്റ്റേഷനുകളായിരിക്കും ആദ്യ ഘട്ടത്തില്‍ ഉണ്ടാവുക. കഴക്കൂട്ടം, ടോക്നോപാര്‍ക്ക്, കാര്യവട്ടം എന്നിവയാണ് ഇന്‍റര്‍ചേഞ്ച് സ്റ്റേഷനുകള്‍. മെട്രോയുടെ മുന്നൊരുക്കത്തിന്‍റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. കെ.എം.ആര്‍.എല്ലിന്‍റെ വിശദ പ്രൊജക്ട് റിപ്പോര്‍ട്ടിന് ശേഷം പാരിസ്ഥിതിക അനുമതി , ഭൂമിയേറ്റെടുക്കല്‍, പുനരധിവാസം തുടങ്ങിയ കടമ്പകള്‍ കടന്നാലേ നിര്‍മാണത്തിന് തുടക്കമിടാന്‍ കഴിയൂ. 

ENGLISH SUMMARY:

KMRL MD Loknath Behera announced that the Detailed Project Report (DPR) for the 31 km elevated Thiruvananthapuram Light Metro project will be ready in one and a half months and the subsequent Central approval process will take six months. The project is estimated to cost ₹8000 crore. The first phase, which connects major landmarks like Technopark, Airport, Railway Station, and Secretariat across 27 stations, has already received alignment approval. Behera also confirmed that the Kochi Metro Infopark Phase 2 is on track for completion in 2026.