ed-case

ഇ.ഡി കേസിൽ നിന്ന് ഒഴിവാക്കാൻ കശുവണ്ടി വ്യവസായിയോട് വൻതുക കൈക്കൂലി ആവശ്യപ്പെട്ടുന്നുവെന്ന കേസിൽ ഒന്നാംപ്രതിയാക്കപ്പെട്ട ഇ.ഡി ഉദ്യോഗസ്ഥനാണ് കൊടകര കുഴൽപ്പണക്കേസ് അന്വേഷിച്ചത്. ഗൾഫ് മലയാളിയോടും സംഘം കേസ് ഒഴിവാക്കാൻ വൻതുക ആവശ്യപ്പെട്ടതായി വിജിലൻസിന് സൂചന ലഭിച്ചു. മുംബൈയിലെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് വാങ്ങുന്ന കൈക്കൂലി ഉടൻ വിദേശത്തേയ്ക്ക് മാറ്റും. അറസ്റ്റിലായ പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് വിജിലൻസ് കസ്റ്റഡിയിൽ വാങ്ങും.

ഇ.ഡി കേസിൽ നിന്ന് ഒഴിവാക്കാൻ കൊല്ലത്തെ കശുവണ്ടി വ്യവസായിയോട് വൻതുക കൈക്കൂലി ആവശ്യപ്പെട്ടുവെന്ന കേസിൽ ഒന്നാംപ്രതിയായ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറാണ് കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ കൊടകര കുഴൽപ്പണക്കേസ് അന്വേഷിച്ചത്. കൊടകര കുഴൽപ്പണക്കേസിൽ രാഷ്ട്രീയം തൊടാതെ ഹൈവേ കൊള്ളയെന്ന രീതിയിലാണ് എറണാകുളം പിഎംഎൽഎ കോടതിയിൽ ഇ.ഡി കുറ്റപത്രം സമർപ്പിച്ചത്. 2021 നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കായി എത്തിച്ചതാണ് മൂന്നരക്കോടി രൂപയെന്ന പൊലീസ് കുറ്റപത്രത്തെ ഇ.ഡി തളളിയിരുന്നു.

കേസ് ഒഴിവാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന കേസിൽ നിലവിൽ ശേഖർകുമാറിനെ കസ്റ്റഡിയിലെടുത്തിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാകും തുടർനടപടി. കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥനായതിനാൽ ഏറെ കരുതലോടെയാണ് വിജിലൻസ് നീക്കം. കേസിൽ അറസ്റ്റിലായ വിൽസൺ, മുകേഷ് കുമാർ, ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് എന്നിവരെ ഇ.ഡി കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറും ഒന്നാം പ്രതിയുമായ  ശേഖർ കുമാറിലേയ്ക്ക് എത്താനുള്ള നിർണായക തെളിവുകൾ ചോദ്യം ചെയ്യലിൽ ലഭിക്കുമെന്നാണ് വിജിലൻസിന്റെ കണക്കുകൂട്ടൽ. ഗൾഫിലുള്ള മലയാളിയോടും സമാനമായ രീതിയിൽ കേസ് ഒഴിവാക്കാൻ സംഘം വൻതുക ആവശ്യപ്പെട്ടതായി വിജിലൻസിന് സൂചനയുണ്ട്. ഈ പ്രവാസിയിൽ നിന്നും പരാതി വാങ്ങാനാണ് നീക്കം. 

ഉദ്യോഗസ്ഥൻ മുതൽ ഇടനിലക്കാർ വരെയുള്ള നാല് തട്ടിലായാണ് സംഘത്തിന്റെ പ്രവർത്തനം. കൊല്ലത്തെ കശുവണ്ടി വ്യവസായിയോട് 2 കോടി രൂപ നാലു ഗഡുക്കളായി മുംബൈയിലെ സ്വകാര്യബാങ്ക് അക്കൗണ്ടിൽ ഇടാനാണ് ഇ.ഡി ഉദ്യോഗസ്ഥന്റെ ഏജന്റായി എത്തിയ വിൽസൺ ആവശ്യപ്പെട്ടത്. ഈ സ്വകാര്യബാങ്ക് അക്കൗണ്ടിൽ എത്തുന്ന പണം ഉടൻ തന്നെ വിദേശത്തേയ്ക്ക് മാറ്റുകയാണ് പതിവെന്നാണ് നിഗമനം. മൂന്നാം പ്രതി മുകേഷ് കുമാറിന് ഹവാല ഇടപാടുകളും കൊച്ചി ഇ.ഡി ഓഫീസിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് അനധികൃത ഇടപാടുകളുള്ളതായി വിജിലൻസിന് വ്യക്തമായി. കൂടുതൽ ഇ.ഡി ഉദ്യോഗസ്ഥരിലേയ്ക്ക് അന്വേഷണം നീണ്ടേക്കാം.

ENGLISH SUMMARY:

The primary accused in the bribery case involving demands of a huge sum from a cashew businessman to settle an ED case is the same officer who investigated the Kodakara hawala case. Vigilance has received indications that the team also demanded a large bribe from a Gulf-based Malayali, promising relief from a case. The bribe amount was allegedly routed through a Mumbai bank account and then quickly transferred abroad. The arrested accused will be taken into Vigilance custody for detailed interrogation.