മോഷ്ടിച്ച സ്കൂട്ടറിലെ രേഖകള്‍ യുവതിക്ക് തിരിച്ച് കൊടുത്ത് ഒരു കള്ളന്‍. കഴിഞ്ഞദിവസമാണ് പന്തളം കുരമ്പാലയിലെ ദീപയുടെ ഏക ആശ്രയമായ സ്കൂട്ടർ മോഷണം പോയത്. പിന്നാലെ 'സ്കൂട്ടർ എടുത്തോളൂ, പക്ഷേ എന്‍റെ രേഖകൾ തിരികെ തരണം' എന്ന് ദീപ സോഷ്യൽ മീഡിയയിൽ ഒരു അഭ്യർത്ഥന നടത്തിയിരുന്നു.
ഒന്നാം തീയതി പുലർച്ചെയാണ് ദീപ നടത്തുന്ന കുടുംബശ്രീ ഹോട്ടലിന് മുന്നില്‍ നിന്ന് സ്കൂട്ടർ മോഷണം പോയത്. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും കള്ളനെ കണ്ടെത്താനായില്ല. ദീപയുടെ ശബ്ദസന്ദേശം വെച്ച് സുഹൃത്ത് രഘു ഒരു വിഡിയോ പ്രചരിപ്പിച്ചു. സ്കൂട്ടറിനകത്തുള്ള ആധാർ കാർഡ്, പാൻ കാർഡ്, സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള പ്രധാന രേഖകൾ തിരികെ നൽകണമെന്ന് വിഡിയോയിലൂടെ അഭ്യർത്ഥിച്ചു.
അത്ഭുതമെന്ന് പറയട്ടെ, ആ കള്ളൻ ഈ അഭ്യർത്ഥന കേട്ടു! കഴിഞ്ഞ ദിവസം പുലർച്ചെ ഹോട്ടലിന് മുന്നിൽ ഒരു കവറിലാക്കി ദീപയുടെ വിലപ്പെട്ട രേഖകൾ തിരികെ വെച്ചു. രേഖകൾ തിരികെ കിട്ടിയ സന്തോഷത്തിൽ ദീപ ആ കള്ളനെ "നല്ല കള്ളൻ" എന്ന് വിശേഷിപ്പിച്ചു. എങ്കിലും സ്കൂട്ടർ നഷ്ടപ്പെട്ടതോടെ ദീപയുടെ ജീവിതം വലിയ പ്രതിസന്ധിയിലാണ്.നല്ല കള്ളനെന്ന് പറഞ്ഞെങ്കിലും ആ കള്ളനെ നേരിട്ട് കാണാനും സ്കൂട്ടർ തിരികെ ചോദിക്കാനും ദീപ ആഗ്രഹിക്കുന്നു.
പൊലീസില്‍ പരാതിപ്പെട്ടിട്ടും രക്ഷയില്ലാതെ വന്നതോടെയാണ് വാര്‍ത്തയും സോഷ്യല്‍ മീഡിയയും പരീക്ഷിച്ചതെന്ന് ദീപ പറഞ്ഞു. നഷ്ടപ്പെട്ട രേഖകളെല്ലാം കിട്ടി. കള്ളാ,നിങ്ങളാ സ്കൂട്ടര്‍ കൂടി തിരിച്ചു കൊടുത്താല്‍ ദീപയുടെ ദുരിതത്തിന് കുറച്ച് ആശ്വാസമാകും. ദീപയുടെ ഈ അഭ്യർത്ഥനയും കേൾക്കുമോ? നമുക്ക് കാത്തിരിക്കാം!