തിരുവനന്തപുരം വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച അഡ്വക്കേറ്റ് ബെയ്‌ലിൻ ദാസ് ഇതാദ്യമായല്ല ഇത്തരമൊരു കേസില്‍ പെടുന്നത്. ഇയാള്‍ സ്ഥിരം പ്രശ്‌നക്കാരനായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ബെയ്‌ലിൻ ദാസിന് ആദ്യം എയർഫോഴ്‌സിലായിരുന്നു ജോലി. എയർഫോഴ്‌സിൽ മിസൈൽ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറായി സ്പെഷ്യലൈസ്ഡ് വെഹിക്കിൾ ഓപ്പറേറ്റര്‍ എന്ന തസ്തികയിലായിരുന്നു ഇയാള്‍ക്ക് ജോലി. റഡാർ സെക്ഷനിലും കുറച്ചുനാൾ ബെയ്‌ലിൻ ദാസ് ജോലിചെയ്തിട്ടുണ്ട്.
എയർഫോഴ്സിൽ നിന്നും 2019ലാണ് ബെയ്‌ലിൻ ദാസ് പെൻഷനായത്. അതിനുശേഷം വഞ്ചിയൂരിൽ അഭിഭാഷകനായെത്തുകയായിരുന്നു.
എയർഫോഴ്‌സില്‍ ജോലിചെയ്ത യൂണിറ്റുകളിലെല്ലാം പല തരത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കിയിരുന്നു ഇയാള്‍. കൂടെ ജോലി ചെയ്യുന്നവരുമായി ബെയ്ലിൻ സ്ഥിരം വഴക്കുണ്ടാക്കിയിരുന്നുവെന്ന് ഇയാൾക്കൊപ്പം ജോലിചെയ്തവർ പറയുന്നു. ബെയ്‌ലിൻ ദാസിന്‍റെ സ്വഭാവ ദൂഷ്യത്തിന് കോർട്ട് ഓഫ് എൻക്വയറിക്ക് മുന്നോടിയായി ചാർജ്ജ് ട്രയൽ നടത്തിയിരുന്നു. മാപ്പപേക്ഷിച്ചതോടെയാണ് ആ നടപടിയിൽ നിന്നും
ഇയാള ഒഴിവാക്കിയത്. ഈ സംഭവം ഇയാള്‍ കോയമ്പത്തൂരിൽ ജോലിചെയ്യവെയായിരുന്നു.
പെട്ടെന്ന് ദേഷ്യം വരികയും ആരെയും എന്തും വിളിച്ചുപറയുകയും ചെയ്യുന്ന പ്രകൃതമാണ് ഇയാളുടേത്. എയര്‍ഫോഴ്സില്‍ ശ്രീനഗറിൽ ജോലിചെയ്യുന്ന സമയത്ത്, പലപ്പോഴും മലയാളി അസോസിയേഷൻ ഇടപെട്ടാണ് പ്രശ്നങ്ങള്‍ ഒത്തുതീർപ്പാക്കിയത്. നാട്ടിലെത്തിയ ശേഷം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥിയായും ബെയ്‌ലിൻ ദാസെത്തി. പിന്നീട് തര്‍ക്കങ്ങള്‍ക്കൊടുവില്‍ സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നു. വിഴിഞ്ഞം പ്രക്ഷോഭ സമയത്തും സമരസമിതി ഭാരവാഹിയായി ബെയ്‌ലിൻ ദാസുണ്ടായിരുന്നു. ബാർ അസോസിയേഷന്റെ തിരഞ്ഞെടുപ്പിലും സജീവമായിരുന്നു. അസോസിയേഷന്റെ കൾച്ചറൽ പ്രോഗ്രാമുകളിൽ സ്ഥിരം ഗായകനായിരുന്നു.
ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച കേസില്‍, മൂന്ന് ദിവസവും ബെയ്‌ലിൻ ദാസ് ഒളിവിൽ കഴിഞ്ഞത് തലസ്ഥാന നഗരത്തിൽ തന്നെയാണ്. കഴക്കൂട്ടം പള്ളിത്തുറ സ്വദേശിയായ സുഹൃത്തിന്‍റെ വീട്ടിലാണ് കഴിഞ്ഞതെന്നാണ് ബെയിലിന്റെ മൊഴി. ഇന്നലെ ഉച്ചയ്ക്ക് ശേഷം അവിടെനിന്ന് പൂന്തുറയിലെ സ്വന്തം വീട്ടിലെത്തി. തിരികെ മടങ്ങും വഴിയാണ് ഷാഡോ പോലീസ് സംഘത്തിന്‍റെ കണ്ണിൽ പെട്ടത്. തുടർന്ന് ബൈക്കിൽ പിന്തുടർന്ന ഷാഡോ പോലീസ് തുമ്പ എസ്. എച്ച് ഒയ്ക്ക് വിവരം നൽകുകയും വാഹനം തടഞ്ഞുനിർത്തി പിടികൂടുകയുമായിരുന്നു.
പള്ളിത്തുറയിലെ സുഹൃത്തിനെ കൂടാതെ അഭിഭാഷകരടക്കം മറ്റാരെങ്കിലും ഒളിത്താവളം ഒരുക്കിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷണം തുടങ്ങി.അതിനിടെ ഇന്നലെ രാത്രി തന്നെ ബെയിലിനെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കണമെന്ന് അഭിഭാഷകരിൽ ഒരു വിഭാഗം പോലീസിൽ സമ്മർദ്ദം ചെത്തിയിരുന്നു. എളുപ്പത്തിൽ ജാമ്യം കിട്ടാൻ വേണ്ടിയായിരുന്നു അഭിഭാഷകരുടെ നീക്കം. എന്നാൽ ഇന്നു തുറന്ന കോടതിയിൽ ഹാജരാക്കിയാൽ മതിയെന്ന് ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയതോടെയാണ് അഭിഭാഷകരുടെ പദ്ധതി പൊളിഞ്ഞത്.