ജസ്റ്റിസ് ബി.ആര്‍.ഗവായി സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുമ്പോള്‍ കണ്‍നിറയെ കാണാന്‍ ഒരു അധ്യാപകനും ഉണ്ടായിരുന്നു. പത്തനംതിട്ട സ്വദേശി പി.എസ്.മാത്യുവിന്‍റെ എട്ടാം ക്ലാസിലെ വിദ്യാര്‍ഥിയായിരുന്നു ജസ്റ്റിസ് ബി.ആര്‍.ഗവായ്. 52 വര്‍ഷം മുമ്പു തുടങ്ങിയ ബന്ധമാണ് മാത്യുവും ഗവായ് കുടുംബവും തമ്മില്‍. ചടങ്ങിനെത്തിയ മാത്യു ചീഫ് ജസ്റ്റിസായ ശിഷ്യന് ആറന്മുള കണ്ണാടിയും സമ്മാനിച്ചു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ബി.എസ്.ഗവായ് ചുമതലയേല്‍ക്കുന്ന വാര്‍ത്ത വന്നതിന് പിന്നാലെ സഹോദരന്‍ രാജേന്ദ്ര ഗവായിയുടെ വിളിയെത്തി. പതിനാലിന് നടക്കുന്ന സത്യപ്രതിജ്ഞയിലെ അതിഥിയായി വരണം. വരുമെന്ന ഉറപ്പിന് പിന്നാലെ പി.എസ്.മാത്യുവിന്‍റെ മനസ് 1973ലേക്ക് പോയി. ബോംബെ ഹോളിനെയിം സെക്കണ്ടറി സ്കൂളിലെ എട്ടാംക്ലാസ് അധ്യാപകനായിരുന്നു മാത്യു. ക്ലാസിലെ ഭൂഷണ്‍ എന്ന കുട്ടിയുടെ മാര്‍ക്ക് കുറവായിരുന്നു. അച്ഛനെ വിളിച്ചു കൊണ്ടുവരാന്‍ പറഞ്ഞതോടെ പുതിയ ഒരു ബന്ധം തുടങ്ങി.
മഹാരാഷ്ട്ര നിയമസഭയിലെ ഉപാദ്ധ്യക്ഷന്‍, പിന്നീട് കേരള ഗവര്‍ണറായിരുന്ന ആര്‍.എസ്.ഗവായിയുമായുള്ള ബന്ധം ദൃഢമായി. ബി.എസ്.ഗവായി എന്ന മകന്‍ ഭൂഷണെ മാത്രമല്ല മറ്റ് രണ്ട് മക്കളുടെയും പഠന ചുമതല കൂടി മാത്യുവിനായി. തുടര്‍ന്ന് മൂന്നരവര്‍ഷം സ്കൂള്‍ സമയത്തിന് ശേഷവും കുട്ടികള്‍ക്കായി കണക്കിലും,സ്പോക്കണ്‍ ഇംഗ്ലീഷിലും പി.എസ്.മാത്യു ക്ലാസെടുത്തു.
മാത്യു 1976ല്‍ ദുബായിലേക്ക് പോയി. തിരികെ നാട്ടിലെത്തിയ ശേഷമാണ് ആര്‍.എസ്.ഗവായ് കേരള ഗവര്‍ണറായത്. രാജ്ഭവനിലെത്തി അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഊഷ്മളമായ ബന്ധമാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മാത്യുവിനേയും ഭാര്യയേയും എത്തിച്ചത്.