ഉരുളെടുത്ത മുണ്ടക്കൈയില്‍ ഉല്‍സവമായിരുന്നു കഴിഞ്ഞ ദിവസം. ജാതി മത വ്യത്യസ്തമില്ലാതെ എല്ലാവരും ഒത്തൊരുമിച്ചിരുന്ന മാരിയമ്മന്‍ ക്ഷേത്രത്തിലെ ഉല്‍സവം. നാടും നാട്ടുകാരും ഇല്ലാത്തയിടത്ത് ആഘോഷങ്ങളൊന്നുമില്ലാതെ ഒരു ഉല്‍സവം. എല്ലാറ്റിനും സാക്ഷിയായി മുണ്ടക്കൈയുടെ നെറുകയില്‍ ഇപ്പോഴുമുണ്ട് മാരിയമ്മന്‍ ക്ഷേത്രം.
ഏഴുനാള്‍ നീണ്ട ഉല്‍സവം. വാദ്യമേളങ്ങളും കലാപരിപാടികളുമൊക്കെയായി സജീവമാകുന്ന ഉല്‍സവപ്പറമ്പ്. ഇക്കുറി പക്ഷെ ഒന്നുമില്ല. ഉല്‍സവത്തിന് ഒത്തുകൂടിയിരുന്നവരില്‍ ഭൂരിഭാഗവും ഇന്നില്ല. ശേഷിക്കുന്നവരാകട്ടെ പലയിടങ്ങളിലായി ചിതറപ്പെട്ടു. എങ്കിലും അവര്‍ ആ ദിവസം മറന്നില്ല. വിശേഷാല്‍ പൂജകള്‍ മാത്രമാണുണ്ടായിരുന്നത്. പിന്നെ അന്നദാനവും . ഏറെ നാളുകള്‍ക്കുശേഷം കണ്ടുമുട്ടിയ അവര്‍ പരസ്പരം വേദനകള്‍ പങ്കുവച്ചും ആശ്വസിപ്പിച്ചും തിരികെ മടങ്ങി.
ചുറ്റുപാടും പൂര്‍ണമായും ഉരുളെടുത്തപ്പോഴും മാരിയമ്മല്‍ കോവില്‍ മാത്രമാണ് അവശേഷിച്ചത്. പരസ്പരം സ്നേഹിച്ചും ഒത്തുകൂടിയും ഒരു കൂട്ടം മനുഷ്യര്‍ ഇവിടെ കഴിഞ്ഞിരുന്നുവെന്നതിന്‍റെ ഓര്‍മപ്പെടുത്തലായി.