റെയില്‍വേയുടെ ചരിത്രത്തിലെ തിളക്കമാര്‍ന്ന ഏടാണ് വന്ദേഭാരത് ട്രെയിനുകള്‍. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പ്രധാന നഗരങ്ങള്‍ക്കിടയില്‍ യാത്ര സാധ്യമാകുന്നു. മികച്ച യാത്രയും സമൃദ്ധമായ ഭക്ഷണവും. വെജിറ്റേറിയൻ വിഭാഗത്തിൽ ചോറ്, ചപ്പാത്തി, പരിപ്പ്, കുറുമ, നോൺ വെജ് വിഭാഗത്തിൽ ചോറ്, ചപ്പാത്തി, ചിക്കൻ, തൈര്, അച്ചാർ എന്നിങ്ങനെയാണ് നൽകുന്നത്. ചായ 15 രൂപ, പ്രഭാത ഭക്ഷണത്തിന് 122 രൂപ, ഉച്ചഭക്ഷണത്തിന് 222 രൂപ, നാലുമണി പലഹാരം 66 രൂപ എന്നിങ്ങനെയാണ് ശരാശരി നിരക്ക്.
ഈ ഭക്ഷണം ആസ്വദിച്ച് കഴിച്ചിരുന്നവരെ നടുക്കുന്ന സംഭവമാണ് എറണാകുളം കടവന്ത്രയില്‍ നടന്നത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന കേറ്ററിങ് സ്ഥാപനത്തില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ അങ്ങേയറ്റം വൃത്തിഹീനമായ കേടുവന്ന ഭക്ഷണപദാര്‍ഥങ്ങള്‍ കണ്ടെത്തി. മനുഷ്യര്‍ക്ക് കഴിക്കാന്‍ നല്‍കുന്ന ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഇത്രയും ക്രൂരത ചെയ്യാന്‍ കഴിയുമോ എന്ന് ആരും ചോദിച്ചുപോകും.
കോര്‍പ്പറേഷന്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനത്തിലാണ് പരിശോധന നടത്തിയത്. അഴുകിയ ഇറച്ചിയും ചീമുട്ടയും അടക്കം ചീഞ്ഞളിഞ്ഞതും വൃത്തിഹീനവുമായ നിലയില്‍ കണ്ടെത്തി. സ്ഥാപനത്തെതിനെതിരെ നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. സമീപത്തെ തോട്ടിലേക്ക് മാലിന്യം ഒഴുക്കിവിടുന്നുവെന്ന് ചൂണ്ടിക്കാട്ടി സമീപവാസികളാണ് പരാതി നല്‍കിയിരുന്നത്. അന്ന് കോര്‍പ്പറേഷന്‍ പിഴ ചുമത്തിവിട്ടു. ലൈസന്‍സ് എടുക്കണമെന്ന് രണ്ടു തവണ നോട്ടീസ് മുഖേന നിര്‍ദേശിച്ചെങ്കിലും ചെയ്തില്ല. ആരുടേതാണ് ഈ സ്ഥാപനമെന്നുപോലും കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് അറിയില്ല
അടുക്കളയാണോ പന്നിക്കൂടാണോ എന്ന് ഒറ്റനോട്ടത്തില്‍ ആരും സംശയിക്കും. അത്രയ്ക്ക് വ്യത്തിഹീനം. കിലോക്കണക്കിന് ചീഞ്ഞളിഞ്ഞ കോഴി ഇറച്ചി. ചീഞ്ഞ മുട്ടകള്‍, ഈച്ച പൊതിഞ്ഞ പലഹാരങ്ങള്‍, അഴുകിയ പച്ചക്കറികള്‍, ഒന്ന് നോക്കിയാല്‍പ്പോലും ഛര്‍ദ്ദിക്കും. രൂക്ഷ ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്ന് സമീപവാസികളാണ് വീണ്ടും പരാതിയുമായി രംഗത്ത് എത്തിയത്. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നവരില്‍ ഏറെയും. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്ന പായ്ക്കറ്റുകള്‍ ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ റെയില്‍വേയില്‍നിന്ന് ഇതുസംബന്ധിച്ച് പ്രതികരണം ഉണ്ടായിട്ടില്ല.