ഭക്ഷണത്തില്‍ വിദ്വേഷം കൂട്ടിക്കെട്ടി ആര്‍എസ്എസിന്‍റെ മലയാളത്തിലെ മുഖപത്രം കേസരിയുടെ പത്രാധിപര്‍ ഡോ.എന്‍.ആര്‍ മധു. ഷവര്‍മ എന്ന അറേബ്യന്‍ ഭക്ഷണം ശവ വര്‍മയാണെന്നും അത് കഴിച്ച് മരിച്ചവരെല്ലാം ഹിന്ദുക്കളാണെന്നുമാണ് എന്‍.ആര്‍.മധുവിന്‍റെ പ്രസംഗം. കഴിക്കുന്നത് ശവമായതിനാലും, കഴിക്കുന്നത് വര്‍മ ആയതിനാലുമാണ് അതിന് ആ പേര് വന്നതെന്നും അദ്ദേഹം കൊല്ലത്തെ പൊതുയോഗത്തില്‍ പറഞ്ഞു. കേരളത്തിന്‍റെ തെരുവുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ശ്മശാനത്തിലൂടെ കടന്നുപോകുന്ന പ്രതീതിയാണെന്നും ഷവര്‍മ കഴിച്ച് മരിച്ചവരില്‍ മുഹമ്മദും ആയിഷയും തോമസും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍.ആര്‍.മധുവിന്‍റെ വാക്കുകള്‍ ഇങ്ങനെ: 'ഇന്ന് രാത്രി ഭക്ഷണത്തിന്‍റെ കാലമാണ്. നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളില്‍ പോലും രാത്രി ഭക്ഷണം കഴിക്കുന്നവരാണുള്ളത്.അതൊക്കെ ഏത് ഭക്ഷണമാണ്? ആ ഭക്ഷണങ്ങളുടെയൊന്നും പേരുപോലും ഇവിടെ ഇപ്പോള്‍ നമുക്ക് ഓര്‍ത്തെടുക്കാന്‍ പറ്റില്ല. കരിഞ്ഞ മാംസത്തിന്‍റെ ഗന്ധം, മാംസം കഴിക്കുന്നതൊന്നും തെറ്റാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ കരിഞ്ഞ മാംസത്തിന്‍റെ ഗന്ധം, രൂക്ഷമായ, തീക്ഷ്ണമായ ഗന്ധം നമ്മളുടെ നാസാദ്വാരങ്ങളെ തുളച്ചുകൊണ്ട് കടന്നുപോകുന്നു നമ്മളുടെ തെരുവുകളിലൂടെ സഞ്ചരിക്കുമ്പോള്‍.
ഒരു ശ്മശാനത്തിലൂടെ കടന്നുപോകുന്ന പ്രതീതിയാണ് ഇന്ന് നമ്മുടെ കേരളത്തിലെ തെരുവിലൂടെ വൈകുന്നേരം കടന്നുപോകുമ്പോള്‍. അവിടെ നമ്മള്‍ ശവ വര്‍മയാണ് കഴിക്കുന്നത്. ചിലര്‍ അതിനെ ഷവര്‍മ എന്നാണ് പറയുന്നത്. കഴിക്കുന്നത് വര്‍മയാണ്, കഴിക്കുന്നത് ശവമാണ്. അതുകൊണ്ടാണ് അതിന് ശവ വര്‍മ എന്ന് പേര്. കേരളത്തില്‍ ഷവര്‍മ കഴിച്ച് അനേകം പേര് മരിച്ചു. അതിലൊരു മുഹമ്മദ് ഇല്ല, അതിലൊരു ആയിഷ ഇല്ല , അതിലൊരു തോമസില്ല.. പക്ഷേ അതില്‍ വര്‍മ്മയുണ്ടായിരുന്നു. അതുകൊണ്ടായിരിക്കും ഒരുപക്ഷേ അത് ഷവര്‍മ്മ ആയത്. ഈ ആക്രാന്തം മൂത്ത് ഇതുപോയി തിന്ന് ചാകുന്നവന്‍റെ പേര് പണ്ടാരമടങ്ങാന്‍ തിന്നു ചാകുന്നവന്‍റെ പേര് ഹിന്ദുവെന്നാണ്'.
സമൂഹമാധ്യമങ്ങളിലക്കം വന്‍ വിമര്‍ശനവും ട്രോളുകളുമാണ് എന്‍.ആര്‍.മധുവിന്‍റെ വാക്കുകള്‍ക്കെതിരെ ഉയരുന്നത്. കുഴിമന്തിക്ക് പിന്നാലെ യുവാക്കളെ വഴി തെറ്റിക്കുന്ന അടുത്ത വില്ലനെ കണ്ടുകിട്ടിയല്ലോ എന്നാണ് ചില കമന്‍റുകള്‍.