TOPICS COVERED

ഒരു മാവില്‍ എണ്‍പതിലധികം വ്യത്യസ്ത ഇനം മാങ്ങകള്‍. ഒറ്റയടിക്ക് കേള്‍ക്കുമ്പോള്‍ അമ്പോ പുളുവെന്ന് ആര്‍ക്കും തോന്നുമെങ്കിലും സംഭവം അങ്ങനെയല്ല, സത്യമാണ്. കാരശേരി കറുത്തപറമ്പിലെ അബ്ദുറഹ്മാന്‍റെ വീടിനോട് ചേര്‍ന്നുള്ള ഭൂമി. ഇവിടെയാണ് ആ മാവ്. 

80 ലധികം വ്യത്യസ്ത ഇനം മാങ്ങകള്‍ ഉള്ള കേമന്‍. തായലന്‍ഡില്‍ നിന്നുള്ള ബനാന മാംഗോ. ഇവനാണ് കൂട്ടത്തിലെ സെലിബ്രിറ്റി. തൊട്ടുപിന്നാലെ നിരനിരയായി തൂങ്ങിയാടുകയാണ് സുവര്‍ണരേഖ, ചന്ദ്രകാരന്‍ എന്നിവയടക്കമുളള വെറൈറ്റി മാങ്ങകള്‍. ഒറ്റ മാവില്‍ ഇതിലും കൂടുതല്‍ ഇനങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ പറ്റുമോ എന്ന് നോക്കുകയാണ് അബ്ദുറഹ്മാന്‍. അതിനായി ബഡ്ഡിങ് നടക്കുകയാണ്.  

പ്രവാസ ജീവിതം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് അബ്ദുവിന് ഈ മാങ്ങാപ്രാന്ത് തുടങ്ങിയത്. ചെറുപ്പം മുതല്‍ കണ്ട് പരിചയിച്ച മാവില്‍ തന്നെയായി പരീക്ഷണം. സംഭവം ക്ലിക്കായി. പൊതുമരാമത്ത് വകുപ്പില്‍ സിവില്‍ എന്‍ജിനിയര്‍ ആയ അബ്ദു രാവിലെയും വൈകിട്ടും അല്‍പസമയം തോട്ടത്തില്‍ ചിലവിട്ടിട്ടേ മറ്റെന്തിനും ഇറങ്ങൂ. 

മാമ്പഴത്തിന്‍റെ കാര്യത്തില്‍ എന്ത് സംശയവും തീര്‍ക്കാന്‍ കഴിയുന്ന ഒരു എന്‍സൈക്ലോപീഡിയ കൂടി ആണ് ഈ കര്‍ഷകന്‍. മാമ്പഴങ്ങളുടെ വെറൈറ്റി തേടി അബ്ദു അലയാത്ത വിദേശരാജ്യങ്ങളും കുറവ്.  മാമ്പഴം കൂടാതെ നൂറോളം പഴ വര്‍ഗങ്ങളും അബ്ദുവിന്‍റെ തോട്ടത്തില്‍ കാണാം. 

ENGLISH SUMMARY:

At Karassery in Kerala, a single mango tree bears over 80 different varieties of mangoes, thanks to the grafting efforts of Abdurahman, a former civil engineer. Known as a walking encyclopedia of mangoes, Abdurahman began this unique venture after returning from abroad. From Thailand’s banana mango to rare local varieties like Suvarnarekha and Chandrakan, his tree is a wonder. He continues to experiment with more varieties, turning his land into a treasure trove of fruits, with nearly a hundred other fruit species also growing there.