അടൂരിൽ രണ്ട് എം.എൽ.എമാർ ഉണ്ടെന്നാണ് ജനങ്ങൾ പറയുന്നതെന്ന് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.ജി കണ്ണനെതിരെ മല്‍സരിച്ച് വിജയിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ പറഞ്ഞു. താൻ ചെല്ലുന്ന എല്ലാ ചടങ്ങുകളിലും സ്ഥലങ്ങളിലും നേരത്തേ തന്നെ കണ്ണനും ഉണ്ടാവും. സഹോദരനെപ്പോലെയായിരുന്നു കണ്ണൻ. മത്സരകാലത്തും അതിനുശേഷവും ഒരേപോലെ അടുപ്പം ഉണ്ടായിരുന്ന ആളാണ്. പൊതുപ്രവർത്തകർക്ക് മികച്ച മാതൃകയാണ് കണ്ണനെന്നും ചിറ്റയം ഗോപകുമാർ കൂട്ടിച്ചേർത്തു.
പത്തനംത്തിട്ട ഡി.സി.സി വൈസ് പ്രസിഡന്റായിരുന്ന എം.ജി കണ്ണന്‍ ഇന്നലെയാണ് അന്തരിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പരുമലയിലും പ്രവേശിപ്പിക്കുകയായിരുന്നു.ചെന്നീർക്കര മാത്തൂർ മേലേടത്ത് വീട്ടിൽ ഗോപിയുടെയും ശാന്തമ്മയുടെയും മകനാണ്. എം.ജി.കണ്ണൻ 2010, 2015 വർഷങ്ങളിലായി 2 തവണ ജില്ലാ പഞ്ചായത്തംഗവും 2005ൽ ചെന്നീർക്കര പഞ്ചായത്ത് അംഗവുമായിരുന്നു.
രണ്ടു തവണ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു. കെഎസ്‌യുവിലൂടെയാണു രാഷ്ട്രീയ ജീവിതത്തിനു തുടക്കം.ഭാര്യ: സജിത മോൾ. മക്കൾ: ശിവകിരൺ, ശിവഹർഷ്.