‘കണ്ണെ കരളെ...എംജി കണ്ണാ...ജീവിക്കുന്നു ഞങ്ങളിലൂടെ...ആര് പറഞ്ഞു മരിച്ചെന്ന്...’, നെഞ്ചുപൊട്ടി അവസാനമായി എംജി കണ്ണനായി മുദ്രവാക്യം വിളിക്കുകയാണ് പത്തനംതിട്ടയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ കണ്ണിലൂടെ എന്നും തന്നെ ചേര്‍ത്ത് നിര്‍ത്തിയ കണ്ണന്‍റെ ഓര്‍മകള്‍ കണ്ണീരായി ഒഴുകി. ഒരിക്കൽ പരിചയപ്പെട്ടാൽ ആരും മറക്കാത്ത വ്യക്തിത്വം. എപ്പോൾ കണ്ടാലും ‘അണ്ണാ’ വിളിയിലൂടെ പുതുക്കുന്ന സൗഹൃദം. കക്ഷി രാഷ്ട്രീയത്തിനപ്പുറം വിശാലമായ സുഹൃദ് വലയമുള്ള കോൺഗ്രസ് പ്രവർത്തകനായിരുന്നു എം.ജി കണ്ണൻ.
സമരമുഖത്ത് കോൺഗ്രസിന്‍റെ പോരാളിയായിരുന്നു. സംഘർഷഭരിതമായ സാഹചര്യങ്ങളിലും പൊലീസുമായുള്ള ഏറ്റുമുട്ടലുകളിലും കരുത്തോടെ നിന്ന യുവനേതാവിനെയാണു പാർട്ടിക്കു നഷ്ടമായിരിക്കുന്നതെന്ന് നേതാക്കളെല്ലാം പറഞ്ഞു. സദാ ചിരിക്കുന്ന മുഖത്തോടെ നാട്ടിലെ ഏതു വിഷയത്തിലും ഇടപെടൽ നടത്തുന്ന സജീവ സാന്നിധ്യമായിരുന്നു ഈ നേതാവ്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കണ്ണന്‍റെ ജന്മദിനം. അതിന് തലേന്ന് പ്രിയ നേതാവ് ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ കണ്ണൻ സന്ദർശനം നടത്തിയിരുന്നു, ഇന്നലെ മരണം, വലിയ നൊമ്പരത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. ജീവിത സാഹചര്യങ്ങളുടെ കഠിന പാതകൾ താണ്ടിയാണ് കണ്ണൻ കോൺഗ്രസിൽ വളർന്നു വന്നത്.നിയമസഭയിലേക്ക് കന്നിയങ്കത്തിൽ മത്സരിക്കാൻ കിട്ടിയത് അടൂർ സീറ്റ്. ഇടതുപക്ഷത്തിന് 26,000 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്ന അടൂരിൽ കന്നിയങ്കത്തിൽ തന്നെ ആ ഭൂരിപക്ഷം 3000ൽ താഴെയെത്തിക്കാൻ കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയിലും അർബുദരോഗിയായ മകൻ ശിവകിരണിനെ തോളിലിട്ട് ചികിത്സയ്ക്കായി തിരുവനന്തപുരം ആർസിസിയിൽ കാത്തിരുന്ന കണ്ണന്‍റെ മുഖം ജനങ്ങൾ ഇന്നും മറന്നിട്ടില്ല.
പക്ഷാഘാതത്തെ തുടർന്ന് പരുമലയിലുള്ള സ്വകാര്യ ആശുപത്രിയിലെ വെന്‍റിലേറ്ററിൽ കഴിയുമ്പോഴും എം.ജി.കണ്ണൻ തിരിച്ചു വരുമെന്നുള്ള പ്രതീക്ഷയിലായിരുന്നു കോൺഗ്രസ് നേതാക്കളും പ്രവർത്തകരും. പക്ഷേ, പ്രാർഥനയോടെ കാത്തിരുന്നവരുടെ പ്രതീക്ഷ തെറ്റിച്ച് ഇന്നലെ രാവിലെ 11ന് കണ്ണൻ മരണത്തിനു കീഴടങ്ങി. ശനിയാഴ്ച ഉച്ചയ്ക്കാണ് കണ്ണനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചത്.