കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ഡിസിസി വൈസ്പ്രസിഡന്‍റുമായ എം.ജി.കണ്ണന്റെ വിയോഗം സങ്കടപ്പെടുത്തുന്നതാണെന്ന് കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പക്ഷാഘാതത്തെ തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം.
'എന്നാലും എന്തൊരു പൊക്കാടോ കണ്ണൻ ചേട്ടാ... വയ്യാ ആശുപത്രിയിൽ പോവുകയാണെന്ന് പറഞ്ഞ് സജിത വിളിച്ചതു മുതൽ ഡോക്ടർ ഐസിയുവിലേക്ക് വിളിപ്പിച്ചു മരണം സ്ഥിരീകരിച്ചു എന്ന് പറയും വരെ എല്ലാത്തിലും പോലെ ഇതിലും അതിജീവിക്കും എന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നു…. ഇത്തവണ പോയല്ലേ...' - രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
എം.ജി.കണ്ണന്റെ സംസ്കാരം നാളെ വൈകിട്ട് അഞ്ചിന് വീട്ടുവളപ്പില്‍ നടക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അടൂര്‍ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. ചെന്നീര്‍ക്കര മാത്തൂര്‍ സ്വദേശിയായ കണ്ണന്‍ രണ്ടുതവണ ജില്ലാ പഞ്ചായത്ത് അംഗവും ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്നു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് കണ്ണൻ പൊതുരംഗത്തെത്തിയത്. ഭാര്യ; സജിതാമോൾ, മക്കൾ; ശിവ കിരൺ, ശിവ ഹർഷൻ.
’പ്രസ്ഥാനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിലും ക്ഷീണമില്ലാതെ രാപ്പകൽ ഓടിനടക്കുമായിടുന്നു കണ്ണൻ. ഏത് പ്രവർത്തകനും ഏതർധരാത്രിയിലും എന്ത് പ്രശ്നമുണ്ടായാലും അവിടെ ഓടിയെത്താൻ കണ്ണനുണ്ടായിരുന്നു’. കണ്ണനെ അനുസ്മരിച്ച് കെസി വേണുഗോപാല്‍ കുറിച്ചത് ഇങ്ങനെയാണ്.