കോഴിക്കോട് നഗരം മുഹമ്മദ് റഫിയെ സ്നേഹിച്ചപോലെ മറ്റൊരു നഗരവും ഒരു അന്യഭാഷാ ഗായകനെ സ്നേഹിച്ചിരിക്കില്ല. റഫിയെ കേട്ട് പാട്ടുകാരായവരുടെ, റഫി മാത്രമാണ് സംഗീതം എന്ന് വിശ്വസിച്ചവരുടെ നഗരമാണ് കോഴിക്കോട്.
മിഠായി തെരുവില്‍ കളിച്ച് വളര്‍ന്ന് ഹിന്ദിയില്‍ പാടാന്‍ പോയ കോഴിക്കോട്ടുകാരനാണ് മുഹമ്മദ് റഫി എന്ന് വിശ്വസിച്ചിരുന്നവരുണ്ടായിരുന്നു ഈ നഗരത്തില്‍. അത്രമാത്രം കോഴിക്കോട് ആ ഗായകനെ സ്നേഹിച്ചു.
അതിന്‍റെ തെളിവായാണ് റഫിയുടെ പേരിലുള്ള ഇന്ത്യയിലെ രണ്ടാമത്തെ മ്യൂസിയം 60 ലക്ഷം രൂപ ചെലവില്‍ കോഴിക്കോട് ഉയരുന്നത്. അതിന്‍റെ നിര്‍മ്മാണ പ്രവൃത്തി നേരിട്ടുകാണാന്‍ മുഹമ്മദ് റഫിയുടെ മകന്‍ ഷഹീദ് റഫി നേരിട്ടെത്തി. തന്‍റെ പിതാവിനോടും അദ്ദേഹത്തിന്‍റെ സംഗീതത്തോടുമുള്ള കോഴിക്കോടിന്‍റെ ഇഷ്ടം കണ്ട് ഷഹീദിന്‍റെ കണ്ണ് നിറഞ്ഞു, മനസും.
കോര്‍പറേഷന്‍ അനുവദിച്ച സ്ഥലത്ത് റഫി ആരാധകരെല്ലാം ചേര്‍ന്നാണ് മ്യൂസിയത്തിന് വേണ്ടിയുള്ള ഇരുനിലകെട്ടിടം നിര്‍മ്മിക്കുന്നത്. റഫി മുഴുവന്‍ ഗാനങ്ങളുടെ ശേഖരവും അദ്ദേഹവുമായി ബന്ധപ്പെട്ട വസ്തുകളും ഇവിടെ പ്രദര്‍ശിപ്പിക്കും. റഫിയുടെ പാട്ട് ജീവിതവുമായി ബന്ധപ്പെട്ടതെല്ലാം മ്യൂസിയത്തില്‍ ഒരുക്കണമെന്നാണ് ആരാധകരുടെ ആഗ്രഹം. ഇതിനായി കുടുംബത്തിന്‍റെ കൈവശമുള്ള ചില വസ്തുകളും മ്യൂസിയത്തിന് നല്‍കാമെന്ന് ഷഹീദ് റഫിയും അറിയിച്ചിട്ടുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയാക്കി ഈ വര്‍ഷം അവസാനത്തോടെ മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാനാണ് പദ്ധതി.