TOPICS COVERED

മാതാപിതാക്കളെ ഉള്‍പ്പെടെ നാലു പേരെ കൊലപ്പെടുത്തിയ നന്ദന്‍കോട് കൂട്ടക്കൊലക്കേസില്‍ വിധി തിങ്കളാഴ്ച. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കേഡല്‍ ജിന്‍സണ്‍ രാജയാണ് കേസിലെ ഏകപ്രതി.

2017 ഏപ്രില്‍ 9 നായിരുന്നു തലസ്ഥാനത്തെ നടുക്കിയ കൊലപാതകം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ  ക്ലിഫ് ഹൗസ് പരിസരത്തെ വീട്ടില്‍ ജിന്‍സണ്‍ന്‍റെ മാതാപിതാക്കളായ രാജ തങ്കം , ജീന്‍ പത്മ, സഹോദരി കരോലിന്‍, ബന്ധു ലളിത എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂന്നു മൃതദേഹങ്ങള്‍ കത്തിയ നിലയിലും ഒരെണ്ണം കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. വെട്ടിയും കഴുത്തറുത്തും കൊന്നശേഷമായിരുന്നു കത്തിച്ചത്.വീട്ടില്‍ നിന്നു തീയും പുകയും ഉയര്‍ന്നു വരുന്നതുകണ്ട നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിളിച്ചു. 

അവരാണ് ഞെട്ടിക്കുന്ന കാഴ്ച ആദ്യം കണ്ടത്. ജിന്‍സണ്‍ അപ്പോള് വീട്ടിലില്ലായിരുന്നു. കൊലപാതകത്തിനു ശേഷം ചെന്നൈയിലേക്ക് പോയ കേദല്‍ തമ്പാനൂരില്‍ മടങ്ങിയെത്തിയയുടനെയായിരുന്നു പൊലീസ് അറസ്റ്റു ചെയ്തത്. ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്നതായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞമറുപടി. മനശാസ്ത്രഞ്ജരുടെ സഹായത്തോടെയായിരുന്നു ചോദ്യം ചെയ്യല്‍. ആദ്യം അമ്മയേയും, പിന്നീട് അഛനേയും അനിയത്തിയേയും കൊന്ന ശേഷം മൃതദേഹങ്ങള്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചെന്നാണ് കുറ്റപത്രം. 

കൊലപാതകത്തിനായി ഓണ്‍ലൈന്‍ വഴി മഴു വാങ്ങി സൂക്ഷിച്ചു. കൊലപാതകത്തിന്‍റെ നാലാം നാള്‍ കേഡല്‍ പിടിയിലായെങ്കിലും മാനസിക ആരോഗ്യ പ്രശ്നം പറഞ്ഞാണ് വിചാരണ വൈകിപ്പിച്ചത്. പിന്നീട് മെഡിക്കല്‍ ബോര്‍ഡ് മാനസിക പ്രശ്നങ്ങളില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിചാരണ പുനരാംരംഭിച്ചത്. 

കേദലിനെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍,മാരാകായുധങ്ങള്‍ ഉപയോഗിച്ച് പരുക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് കേദലിന്‍റെ വാദം. കൊലപാതക സമയത്ത്  ചെന്നൈയിലായിരുന്നെന്നും കോടതിയില്‍ വാദമുയര്‍ത്തി.

ENGLISH SUMMARY:

The verdict in the Nandankode quadruple murder case, in which four people including the parents were killed, will be pronounced today. The Sixth Additional Sessions Court in Thiruvananthapuram will deliver the judgment. Kaidal Jinson Raj is the sole accused in the case.