ശബരിമല സന്നിധാനത്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. രാഷ്ട്രപതിക്ക് പമ്പയില്‍ ഇരുമുടിക്കെട്ട് നിറയ്ക്കുന്നതിനും സന്നിധാനത്ത് ദര്‍ശനത്തിനും സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു . സുരക്ഷാക്രമീകരണങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി ഇന്ന് ഉന്നതലയോഗം വിളിച്ചിട്ടുണ്ട്.
രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല ദര്‍ശനത്തിന് എത്തുന്നുവെന്ന് അനൗദ്യോഗിക അറിയിപ്പ് ലഭിച്ചപ്പോള്‍തന്നെ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിന്റ് പി.എസ്. പ്രശാന്ത്. നിലയ്ക്കലില്‍ ഹെലികോപ്ടര്‍ ഇറങ്ങുന്ന സ്ഥലം തയാറാക്കി. ഇരുമുടിക്കെട്ടുനിറയ്ക്കാന്‍ പമ്പാ ഗണപതി ക്ഷേത്രത്തിലും സൗകര്യമേര്‍പ്പെടുത്തി. സ്വാമി അയ്യപ്പന്‍ റോഡ് വഴിയാകും രാഷ്ട്രപതി മലകയറുക. സന്നിധാനത്ത് ആചാരപരമായി പൂര്‍ണകുംഭം നല്‍കിയാകും സ്വീകരണം.
പതിനെട്ടിന് കോട്ടയത്ത് എത്തുന്ന രാഷ്ട്രപതിയുടെ ശബരിമലയാത്ര 19 നാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും. രണ്ടാതവണയാണ് ഇന്ത്യയുടെ ഭരണത്തലവന്‍ ശബരിമലയിലെത്തുന്നത്. 1973 ഏപ്രില്‍ 10 ന് രാഷ്ട്രപതിയായിരുന്ന വി.വി. ഗിരി മൂന്നുമക്കളോടൊപ്പം ശബരിമലയിലെത്തി. അദ്ദേഹം കേരള ഗവര്‍ണറായിരിക്കെ 1962 ലും കടുംബസമേതം ദര്‍ശനത്തിനെത്തിയിരുന്നു.