ഇടിവെട്ടിയവനെ പാമ്പു കടിച്ചെന്ന പഴഞ്ചൊല്ല് യാഥാര്‍ഥ്യമായിരിക്കുകയാണ് കോഴിക്കോട്. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കെത്തിയ രോഗി കോര്‍പ്പറേഷന്‍റെ അനാസ്ഥയെത്തുടര്‍ന്ന് സ്ലാബില്ലാത്ത ഓടയില്‍ വീണ് ചികില്‍സയിലാണ്. മലപ്പുറം കിഴിശേരി സ്വദേശിയായ പുത്രത്തൊടിയില്‍ സി. ജയചന്ദ്രബാബുവിനാണ് കോര്‍പ്പറേഷന്‍റെ അനാസ്ഥയില്‍ വലിയ വില കൊടുക്കേണ്ടി വന്നത്.
ആശുപത്രിക്ക് സമീപം സര്‍ജറിക്കു ശേഷം ഒന്നരമാസത്തോളം താമസിക്കുവാനായി കഴിഞ്ഞ മുപ്പതിനാണ് അവസാനഘട്ട സ്കാനിങ്ങിനു ശേഷം ജയചന്ദ്രന്‍ വീട് അന്വേഷിച്ചിറങ്ങിയത്. അതിനിടയിലാണ് വളയനാട് ക്ഷേത്ര കോര്‍പറേഷന്‍ വഴിയില്‍ സ്ലാബില്ലാത്ത ഓടയില്‍ വീണ് ജയചന്ദ്രന്‍ വീണു പരുക്കേല്‍ക്കുന്നത്. ഇതോടെ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മുടങ്ങി. തുറന്നുകിടന്ന ഭാഗത്ത് മുന്നറിയിപ്പോ അടയാളങ്ങളോ ഒന്നും നല്‍കാതെ ആ ഭാഗം ഓലകൊണ്ട് മൂടിയിട്ടിരിക്കുകയായിരുന്നു.
ഇരുട്ടില്‍ നടന്നു വന്ന ജയചന്ദ്രന്‍ ഇതു കാണാതെ ഓടയില്‍ വീണു. രക്തത്തില്‍ കുളിച്ചു കിടന്ന ജയചന്ദ്രനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. കഴിഞ്ഞ രണ്ടിനാണ് കാലില്‍ ശസ്ത്രക്രിയ നടത്തിയത്. ഇനി ഈ പരുക്ക് ഭേദമായ ശേഷമേ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ സാധിക്കൂവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. രണ്ടാം തിയതിയാണ് കാലില്‍ ശസ്ത്രക്രിയ നടത്തിയത്. ഇന്നലെവരെ ഐസിയുവില്‍ കിടത്തിയായിരുന്നു ചികില്‍സ.
കരള്‍ മാറ്റി വെയ്ക്കലിനു വലിയൊരു തുക നിലനില്‍ക്കെ കാലിന്‍റെ ശസ്ത്രക്രിയക്കായി മാത്രം മൂന്നു ലക്ഷം രൂപ ചിലവായി. കോര്‍പ്പറേഷന്‍റെ അനാസ്ഥമൂലം ഉണ്ടായ കടുത്ത സാമ്പത്തിക ചിലവിന്‍റെയും മാനസിക സമ്മര്‍ദത്തിന്‍റെയും ഉത്തരവാദിത്വമേറ്റെടുത്ത് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജയചന്ദ്രബാബുവിന്‍റെ ഭാര്യ ടി. സുജാത മുഖ്യമന്ത്രിക്കും കോര്‍പ്പറേഷന്‍ മേയര്‍ക്കും പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി.