വർഷങ്ങളുടെ കഠിനാധ്വാനം വളരെ പെട്ടെന്ന് ഇല്ലാതാകുമെന്ന് വന്നപ്പോൾ എവിടെനിന്നോ ആശ്വാസത്തിൻറെയും സഹായത്തിൻറെയും കരങ്ങൾ ആ പെൺകുട്ടിയെ തേടിയെത്തി. ആ സഹായഹസ്തം നീട്ടിയതാകട്ടെ ഒരു പൊലീസുകാരിയായിരുന്നു. അത് കഴിഞ്ഞ ഞായറാഴ്ച നീറ്റ് പരീക്ഷയെഴുതിയ നഷയ്ക്ക് ഇപ്പോഴും അത്ഭുതമാണ്.
ഒരു ഡോക്ടറാവുക എന്ന സ്വപ്നത്തിൻറെ ആദ്യ ചവിട്ടുപടിയായ നീറ്റ് പരീക്ഷ എഴുതാനായി നഷ ഉപ്പയോടൊപ്പം കോഴിക്കോട് മാങ്കാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയത് ആവശ്യം വേണ്ട എല്ലാം കൈയിലെടുത്തു എന്ന വിശ്വാസത്തിലായിരുന്നു. മേശപ്പുറത്ത് രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ ഇരിക്കുന്നത് കണ്ണിൽപെട്ട ഉമ്മ ഇതെടുക്കണ്ടേ എന്നു ചോദിച്ചപ്പോൾ എടുത്തെന്നായിരുന്നു നഷയുടെ മറുപടി. പിന്നെ നെഞ്ചിടിപ്പോടെ നേരെ പരീക്ഷാ സെൻ്ററായ മാനാഞ്ചിറ ബി.ഇ.എം ഗേൾസ് ഹൈസ്കൂളിലേക്ക്.
അവിടെയെത്തിയപ്പോഴാണ് മനസ്സിലായത് ഫോട്ടോകളിൽ ഒന്ന് കുറവ്. അത്രയും വർഷത്തെ കഠിനാധ്വാനം ഒരു പാസ്പോർട്ട് ഫോട്ടോയുടെ പേരിൽ ഇല്ലാതാകുന്നതുപോലെ. പതറിപ്പോയ അവളെത്തേടി പക്ഷേ അവിടെ ദൈവത്തിൻ്റെ കരങ്ങളെത്തി. ഇന്ന് ആ തലോടലിൽ ആശ്വാസം കണ്ടെത്തുകയാണ് നഷ.
കൊയിലാണ്ടി സ്വദേശിയും കസബ പൊലീസ് സ്റ്റേഷൻ എ.എസ്.ഐയുമായ ഷീബാ വിജീഷ് ആണ് ആശങ്കയുടെ ആ നിമിഷങ്ങളിൽ നഷയുടെ ജീവിതത്തെ സ്പർശിച്ചത്. സ്കൂൾ പ്രവേശനകവാടത്തിൽ കരഞ്ഞുകൊണ്ടിരുന്ന നഷയോട് അവിടെയുണ്ടായിരുന്ന ഷീബ കാരണം അന്വേഷിച്ചു. ഒരു ഫോട്ടോ കുറവാണെന്നും വീട്ടിലേക്ക് ഫോട്ടോ എടുക്കാൻ പോയ ഉപ്പയെ കാത്തിരിക്കുകയാണെന്ന് കുട്ടി പറഞ്ഞപ്പോൾ ഷീബ ഉടൻ ഉമ്മയെ വിളിച്ചു ഉപ്പ വീട്ടിലെത്തിയോ എന്ന് അന്വേഷിച്ചു. എത്തിയില്ലെന്ന ഉമ്മയുടെ മറുപടിയും നഷയുടെ കരച്ചിലും കണ്ടതോടെ ഷീബാ നഷയുടെ സർട്ടിഫിക്കറ്റിലെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തി അടുത്തുള്ള സ്റ്റുഡിയോയിലേക്ക് പോയി. ഫോട്ടോ പ്രിൻറെടുക്കുകയായിരുന്നു ലക്ഷ്യം. ഓടിയെത്തി ഫോട്ടോ നഷക്ക് കൈമാറി.
ആ മാഡം അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ തനിക്ക് പരീക്ഷ എഴുതാതെ മടങ്ങേണ്ടി വന്നേനെയെന്നാണ് നഷ മനോരമ ന്യൂസിനോട് പറഞ്ഞത്.
ആകെ തളർന്നുപോയ തന്നെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചാണ് പരീക്ഷാ ഹാളിലേക്കു അയച്ചത്. നിമിഷങ്ങൾക്ക് മുൻപുവരെയുണ്ടായ നെഞ്ചിടിപ്പ് പരീക്ഷയെ ബാധിച്ചതേയില്ല. അതിന് കാരണം പൊലീസുകാരാണ്. തൃശൂർ പൂരം ഡ്യൂട്ടിയിലുണ്ടായിരുന്ന ഷീബ തിരിക്കിനിടെ അടുത്ത ദിവസം രാവിലെ നഷയെ ഫോണിൽ വിളിച്ച് പരീക്ഷ എങ്ങനെയുണ്ടായിരുന്നു എന്നു ചോദിക്കുകയും ചെയ്തു. ഇങ്ങനെയൊക്കെ പൊലീസുകാരുണ്ടോ എന്നാണ് താൻ ഉമ്മയോട് ചോദിച്ചതെന്ന് നഷ പറഞ്ഞു.
ഉപ്പ പത്തു മിനിറ്റിൽ എത്തില്ലെന്ന് അറിയാമെന്നതുകൊണ്ടാണ് പെട്ടെന്ന് സ്റ്റുഡിയോയിൽ പോയി പ്രിന്റ് എടുത്തുകൊടുത്തത്. ആ സമയം കുട്ടിയെ എങ്ങനെയെങ്കിലും പരീക്ഷക്ക് കയറ്റണമെന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവളുടെ വാവിട്ടുള്ള കരച്ചിൽ കണ്ടു നിൽക്കാൻ പറ്റില്ലെന്നായിരുന്നു ഷീബ മനോരമ ന്യൂസിനോട് പറഞ്ഞത്.