policestation-honeybee

കോട്ടയം തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന്റെ മുകളിലെ നിലയില്‍ ഭീതി മൂളി രണ്ട് തേനീച്ചക്കൂടുകൾ . രണ്ടുമാസത്തിലേറെയായി നിലനിൽക്കുന്ന തേനീച്ചക്കൂടുകൾ പൊലീസുകാർക്കും പൊതുജനങ്ങൾക്കും ഭീഷണിയായിരുന്നു. മൂന്നാം നിലയിലായിലെ കൂട് നീക്കം ചെയ്യൽ അത്ര എളുപ്പമായിരുന്നില്ല. തൃക്കൊടിത്താനം എസ്എച്ച്ഒ എം.ജെ അരുൺ വാർഡ് മെമ്പർ ജിൻസൺ മാത്യുവിനെ പ്രശ്നം അറിയിച്ചു. അങ്ങനെ പൊലീസ് സ്റ്റേഷനിൽ വച്ച് കാര്യം ഒത്തുതീർപ്പായി.

മുൻ പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡൻറ് ജോഷി മൂഴിയാങ്കലാണ് തേനീച്ചക്കൂട് നീക്കം ചെയ്തത്. സ്റ്റേഷന്റെ ഒരു വശത്തെ തേനീച്ചക്കൂട് സൺഷൈഡിൽ കയറിനിന്ന് നീക്കി. രണ്ടാമത്തേത് നീക്കം ചെയ്യാൻ ജെസിബിയിൽ കയറി നിൽക്കേണ്ടിവന്നു. ഓലയും ചകിരിയും തേനീച്ചകളെ മയക്കാനുള്ള മരുന്നും പുകച്ച് തേനീച്ചയെ മാറ്റി. പിന്നെ കൂടു കുത്തി താഴെയിട്ടു.

ഏതായാലും തേനീച്ചക്കൂടുകൾ അപകടമില്ലാതെ നീക്കാനായതിന്റെ ആശ്വാസത്തിലാണ് പൊലീസുകാരും നാട്ടുകാരും.