കരള്‍ പകത്ത് നല്‍കാന്‍ മകള്‍, വില്ലനായി സാമ്പത്തികം, ഒടുവില്‍ വിധി മരണമായി വിഷ്ണുപ്രസാദിനെ കൂട്ടിയപ്പോള്‍ അലറിക്കരഞ്ഞ് മക്കള്‍. മകളുടെ കരൾ പകുത്തുകിട്ടുന്ന ജീവിതത്തിലേക്ക് സ്വപ്‌നങ്ങൾ നെയ്തുകൊണ്ടിരിക്കുമ്പോഴാണ് എല്ലാവരെയും സങ്കടപ്പെടുത്തി വിഷ്ണുപ്രസാദ് മരണത്തിലേക്ക് യാത്രയാകുന്നത്. അച്ഛൻ യാത്രയാകുമ്പോൾ മകൾ അഭിരാമി സങ്കടപ്പെടുന്നതും അതോർത്താണ്.
മകളുടെ കരൾ സ്വീകരിക്കാൻ കാത്തു നിൽക്കാതെയാണ് സിനിമ - സീരിയൽ നടനായ വിഷ്ണുപ്രസാദ് യാത്രയാകുന്നത്. കരൾരോഗം മൂർച്ഛിച്ച് ആരോഗ്യാവസ്ഥ തീർത്തും മോശമായതിനാൽ കരൾ മാറ്റിവയ്ക്കണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം. അതനുസരിച്ച് തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കത്തിലായിരുന്നു വിഷ്ണുവിന്റെ ഭാര്യ കവിതയും മക്കളായ അഭിരാമിയും അനന്യകയും. മോഡലും നടിയുമായ അഭിരാമിയുടെ കരൾ പരിശോധന പൂർത്തിയാക്കി അച്ഛന്റെ കരളുമായി യോജിക്കുന്നുണ്ടെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു.
വിനയൻ സംവിധാനം ചെയ്ത തമിഴ് ചിത്രമായ ‘കാശി’യിലൂടെയാണ് വിഷ്ണുപ്രസാദ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വില്ലൻ വേഷങ്ങളായിരുന്നു കൂടുതലും കൈകാര്യം ചെയ്തത്. കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, രസികൻ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് അടക്കമുള്ള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സീരിയൽ രംഗത്തും സജീവമായിരുന്നു.