ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍ താരമായിരുന്നു മിനി നമ്പ്യാര്‍. ഇപ്പോള്‍ സ്വന്തം ഭര്‍ത്താവിനെ വെടിവച്ചുകൊന്ന കേസിലെ പ്രതി. കൈതപ്രത്തെ ബിജെപി പ്രവര്‍ത്തകനും ഡ്രൈവറുമായ കെ.കെ.രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസമാണ് പരിയാരം പൊലീസ് മിനിയെ അറസ്റ്റ് ചെയ്തത്. നാടിനെ നടുക്കിയ കൊലപാതകത്തില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ പ്രതി.
ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും റീല്‍സിലൂടെ അറിയപ്പെടുന്ന ആളാണ് മിനി. സിനിമാരംഗങ്ങളും ഭര്‍ത്താവിനോടുള്ള പ്രണയവും എല്ലാം റീല്‍സിലൂടെ അവതരിപ്പിച്ച് പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ‘ഇത്തിരി കുശുമ്പും അസൂയയും മാത്രേ ഉള്ളൂ... ദിനേശേട്ടൻ പാവാ’ എന്ന തലക്കെട്ടോടെയാണ് മിനി അവസാന റീല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ കേസിന് പിന്നാലെ കമന്‍റ് ബോക്സ് പൂട്ടി. സഭ്യവും അസഭ്യവുമായ രീതിയില്‍ വിമര്‍ശനപ്പെരുമഴ വന്നതോടെയായിരുന്നു ഇത്.
ഫെയ്സ്ബുക്കിലൂടെയാണ് പ്രതി സന്തോഷിനെ മിനി പരിചയപ്പെടുന്നത്. ഒരു വർഷം മുൻപ് ഫെയ്സ്ബുക്കിൽ വന്ന കുറിപ്പില്‍ സന്തോഷ് കമന്‍റ് ചെയ്തു. ഇത് മിനി ലൈക്ക് ചെയ്തു. ഈ ലൈക്കിലൂടെയാണ് ഇരുവരും പരിചയമാകുന്നത്. സന്തോഷ് സഹപാഠിയാണെന്ന് മിനി ഭർത്താവ് രാധാകൃഷ്ണനോടും വീട്ടുകാരോടും കളവു പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പുതിയ വീട് നിർമിക്കാനുള്ള ചുമതലയും സന്തോഷിനു നൽകി.എന്നാൽ മിനിയുടെയും സന്തോഷിന്‍റെയും ഇടപെടലിൽ സംശയം തോന്നിയ രാധാകൃഷ്ണൻ മിനിയുമായി വാക്കുതർക്കം ഉണ്ടായി. പൊലീസിൽ പരാതിയും നൽകി. തുടർന്ന് മിനി അമ്മയുടെ കൂടെ കൈതപ്രത്ത് വാടക വീട്ടിൽ താമസമാക്കി. ഈ വീട്ടിൽ പലപ്പോഴും സന്തോഷ് എത്താറുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.