pettikkada

TOPICS COVERED

വേനലവധിക്കാലം എങ്ങനെ വ്യത്യസ്തമാക്കാമെന്ന കുട്ടിക്കൂട്ടത്തിന്‍റെ ചിന്തയില്‍ പിറന്നതാണ്  തേന്‍ മിഠായിയും ജോക്കര്‍ മിഠായിയുമൊക്കെ കിട്ടുന്ന 'ലുലു സൂപ്പര്‍മാര്‍ക്കറ്റ്'. ഉദ്ഘാടനം ചെയ്യാന്‍ സാക്ഷാല്‍ തിരുവമ്പാടി എം എല്‍ എ ലിന്‍റോ ജോസഫ് തന്നെ വന്നതോടെ സംഗതി സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി. അഞ്ചിലും ആറിലും പഠിക്കുന്ന അഞ്ചു കുട്ടികള്‍ പട്ടികയും സാരിയും പുതപ്പും ബലൂണും ഒക്കെ ഉപയോഗിച്ച് ഒരു സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങി. മിഠായികളും പലഹാരങ്ങളും കൊണ്ട് കട നിറച്ചു.  തിരുവമ്പാടി എംഎല്‍എ ലിന്‍റോ ജോസഫ് ആ സുപ്പര്‍മാര്‍ക്കറ്റിനൊരു പേരുമിട്ടു, കല്ലുരുട്ടിയിലെ ലുലുമാള്‍.

കട ഉണ്ടാക്കിക്കഴിഞ്ഞപ്പോള്‍ ഉദ്ഘാടനം അടിപൊളിയാക്കിയെങ്കിലേ കടയിലേക്ക് ആളുകള്‍ വരൂ എന്നായിരുന്നു കുട്ടികളുടെ കണ്ടുപിടുത്തം. അപ്പോള്‍ പിന്നെ ഉദ്ഘാടനത്തിന് ആരെ വിളിക്കും. കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. ഏറ്റവും എളുപ്പത്തില്‍ കിട്ടാവുന്ന ഒരു സെലിബ്രിറ്റിയെ അവര്‍ക്ക് ഓര്‍മ വന്നു. അത് മറ്റാരുമല്ല പ്രിയ എംഎല്‍എ ലിന്‍റോ ജോസഫ്. പിന്നെ ഒന്നും നോക്കിയില്ല എല്ലാവരും കൂടെ ഫോണ്‍ എടുത്തിരുന്ന് അങ്ങ് വിളിച്ചു..

''ലിന്‍റോ ചേട്ടായിയേ ഞങ്ങള്‍ ഒരു പുതിയ കട തുടങ്ങീട്ടുണ്ട്. ഉദ്ഘാടനം ചെയ്യാന്‍ വരാമോ? ''

''ഇപ്പോള്‍ ഞാന്‍ തിരുവനന്തപുരത്താണ്. മറ്റന്നാള്‍ എത്തി ഉദ്ഘാടനം ചെയ്തു തരാം പോരെ'' എന്നായിരുന്നു എംഎല്‍എയുടെ മറുപടി. 

പിന്നാലെ കുട്ടികള്‍ക്ക് ആവേശമായി. സമീപത്തുള്ള വീടുകളിലൊക്കെ കേറി ഉദ്ഘാടന വിവരം അറിയിച്ചു. ലിന്‍റോ ചേട്ടായി വരും എന്നതായിരുന്നു ക്ഷണിക്കുന്നതിലെ ഹൈലൈറ്റ്. പക്ഷേ അത് മുതിര്‍ന്നവര്‍ക്ക് വിശ്വസിക്കാന്‍ കുറച്ചു പ്രയാസമായിരുന്നു. അറിയിച്ചപോലെ രാവിലെ തന്നെ എംഎല്‍എ എത്തി. പിന്നാലെ ആളുകളും കൂടി. കുട്ടികള്‍ തന്നെ അലങ്കരിച്ച കട അവരുടെ പ്രിയപ്പെട്ട ലിന്‍റോ ചേട്ടായി റിബണ്‍ മുറിച്ച് ഉദ്ഘാടനം ചെയ്തു. കടയിലെ ആദ്യ വില്‍പനയും എംഎല്‍എ തന്നെ നടത്തി. ഉദ്ഘാടന സമ്മാനമായി ഒരു തേന്‍മിഠായിയും സ്വീകരിച്ച് ലിന്‍റോ ജോസഫ് അവരുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നു. എംഎല്‍എ തന്‍റെ ഫേസ്ബുക്ക് പേജില്‍ കല്ലുരുട്ടിയിലെ ‘ലുലുമാള്‍’ ഉദ്ഘാടനം ചെയ്തെന്ന ചെറു കുറിപ്പോടെ ഉദ്ഘാടന വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. എംഎല്‍എയുടെ പോസ്റ്റിനു പിന്നാലെ വലിയ പിന്തുണയും ആശംസകളുമാണ് ഈ കൗമാര സംരഭകരെത്തേടി വരുന്നത്. 

linto-joseph

കല്ലുരുട്ടി സ്വദേശികളായ അനന്ദു കൃഷ്ണ, അഹമ്മദ് ഷാദില്‍, അനുജിത്ത് വിനോദ്, മുഹമ്മദ് സിയാന്‍, മുഹമ്മദ് സാമിന്‍ എന്നിവരാണ് ആരുടെയും നിര്‍ദേശമോ ഉപദേശമോ  ഇല്ലാതെ ഇങ്ങനെയൊരു സംരംഭത്തിന് ഇറങ്ങിത്തിരിച്ചത്.  നാടു മുഴുവന്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്തുമ്പോള്‍ നമ്മള്‍ക്കെന്തു ചെയ്യാന്‍ പറ്റുമെന്ന ആലോചനയാണ് ഈ ആശയത്തിലേക്ക് ഉരുത്തിരിഞ്ഞതെന്ന് കുട്ടി സംരംഭകരിലൊരാളായ മുഹമ്മദ് സാമിന്‍ പറഞ്ഞു. ഉദ്ഘാടനം ഇന്നലെ കഴിഞ്ഞുട്ടുള്ളൂവെങ്കിലും നല്ല കച്ചവടമുണ്ടെന്നും സാമിന്‍ കൂട്ടിച്ചേര്‍ത്തു. രാവിലെ പത്തു മണി മുതല്‍ വൈകിട്ട് നാലു മണി വരെയാണ് കടയുടെ പ്രവര്‍ത്തന സമയം. പമ്പര മിഠായി, ലെയ്സ്, ജോക്കര്‍ മിഠായി, കോലു മിഠായി എന്നിവയാണ് കടയിലെ പ്രധാന ആകര്‍ഷണം. സ്കൂള്‍ തുറക്കുന്നതുവരെ കച്ചവടവുമായി മുന്നോട്ടുപോകാനാണ് ഇവരുടെ തീരുമാനം. 

കച്ചവടത്തിന്‍റെ ലാഭം അഞ്ചുപേരും തുല്യമായി പങ്കിട്ടെടുക്കാനാണിരിക്കുന്നത്.  മൊബൈലിലും വിഡിയോ ഗെയിമുകളിലുമായി വീടിനുള്ളിലെ നാലു ചുമരുകളില്‍ ഒതുങ്ങിപ്പോകുന്ന കൗമാരക്കാര്‍ കണ്ടു പഠിക്കണം കല്ലുരുട്ടിയിലെ ഈ കൂട്ടുകാരെ. അവധിക്കാലം കഴിഞ്ഞ് തിരികെ സ്കൂളിലേക്ക് പോകുമ്പോള്‍ നല്ലൊരു അവധിക്കാലം തനിയെ സമ്മാനിച്ചതിന്‍റെ സന്തോഷത്തിലാണ് ഇവര്‍. 

ENGLISH SUMMARY:

During the summer vacation, a group of children started a small roadside shop (pettikkada), which was inaugurated by MLA Linto Joseph. The initiative was widely appreciated as a creative and responsible way for children to engage in productive activities during their holidays.