വെറൈറ്റി വിഡിയോകള്‍ വഴി ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ ഫുഡ് വ്ളോഗര്‍മാരെക്കൊണ്ട് സമ്പന്നമാണ് സൈബര്‍ ലോകം. നൂറുകിലോ മീന്‍ അച്ചാര്‍, 35 കിലോ പാമ്പ് ഗ്രില്‍, വറുത്തരച്ച മയില്‍ക്കറി, ഒട്ടകപ്പക്ഷി ഗ്രില്‍ എന്നിങ്ങനെ പല പരീക്ഷണങ്ങളും നടത്തി വിജയിച്ച ഫിറോസ് ചുട്ടിപ്പാറ മുതല്‍ കുട്ടി വ്ളോഗര്‍മാര്‍ വരെ അരങ്ങ് തകര്‍ക്കുന്നിടത്ത് വരട്ടിയ മാനിറച്ചി കഴിച്ച് എയറിലായിരിക്കുകയാണ് ഉഷ മാത്യു എന്ന വ്ളോഗര്‍. ‘മാനിറച്ചി വരട്ടിയത് കഴിച്ച് , മജ്ജ വലിച്ച് കുടിച്ചാൽ ഇതാണ് സംഭവിക്കുക. നിങ്ങൾക്കും കഴിക്കണമെങ്കിൽ കൂടെ പോരൂ’ എന്നുപറഞ്ഞാണ് ഇവര്‍ വിഡിയോ പോസ്റ്റ് ചെയ്തത്. വിദേശത്തുവച്ചാണ് ഉഷ മാനിറച്ചി കഴിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നത്.
കാട്ടിൽ ഓടിനടക്കേണ്ട ജീവനുകളെയാണോ ഭക്ഷണമാക്കുന്നത്? എന്തൊരു സ്ത്രീയാണ്, ആ മാനുകളെ എങ്ങനെ തിന്നാൻ തോന്നുന്നു? തുടങ്ങിയ ചോദ്യങ്ങളാണ് വിഡിയോയുടെ കമന്‍റ് ബോക്സില്‍ നിറയെ. നേരത്തെ ഫിറോസ് വിയറ്റ്നാമിലെ മാര്‍ക്കറ്റില്‍ നിന്നും ജീവനുളള രണ്ട് പാമ്പുകളെ വാങ്ങി കറിവച്ചത് വിവാദമായിരുന്നു.